മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ സമസ്തക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാൽ പോരെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് അവസാനം ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ സമസ്ത നേതൃത്വവുമായി സംസാരിക്കേണ്ടതുണ്ട്. ഇത്തരം പ്രസ്താവനകൾ ഗൗരവതരമാണ്. ഇതിലൊക്കെ സമസ്തയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടി വരും എന്നേ ഇപ്പോൾ പറയുന്നുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയും ലീഗും തമ്മിലുള്ള ബന്ധം നോക്കിയാൽ ഇതൊന്നും സംഭവിക്കാൻ പാടില്ല. മുൻകാലങ്ങളിൽ സംഭവിച്ചിട്ടുമില്ല. ഇത് ഗൗരവമായി കാണുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം എടവണ്ണപ്പാറയിൽ നടന്ന പൊതുപരിപാടിയിൽ കെ. ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, ട്രഷറർ പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട് എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്.
സമസ്തയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവരും പ്രവർത്തകരും വിവാദ പ്രസ്താവനകളിൽ നിന്നും ആരോപണ-പ്രത്യാരോപണങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. നൂറ്റാണ്ട് പിന്നിടുന്ന സമസ്ത വൈവിധ്യമാർന്ന പദ്ധതികളുമായി നൂറാം വാർഷികത്തിന് തയാറെടുക്കുന്ന സന്ദർഭത്തിൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരിൽ നിന്നും ഉണ്ടാവേണ്ടത്.
ഐക്യത്തിനും സൗഹാർദത്തിനും ഭംഗം വരുത്തുന്നവിധം പൊതു വേദികളിലും സമൂഹമാധ്യമങ്ങളിലും വിവാദ പരാമർശങ്ങൾ നടത്തുന്നത് പൂർണമായി ഒഴിവാക്കണം. പ്രശ്നപരിഹാരങ്ങൾക്കായി ഉത്തരവാദപ്പെട്ട നേതാക്കൾ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ വിവാദ പ്രസ്താവനകൾ ആരിൽനിന്നും ഉണ്ടാകാൻ പാടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.