ആശ സമരം: ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാൻ? -പി.​കെ. ശ്രീമതി ടീച്ചർ

ആശ സമരം: ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാൻ? -പി.​കെ. ശ്രീമതി ടീച്ചർ

ന്യൂഡൽഹി: ആശമാരുടെ വേതനവിഷയം ചർച്ച ചെയ്യാൻ ​കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ​യുമായുള്ള കൂടിക്കാഴ്ച നടക്കാത്തത് സംബന്ധിച്ച് മന്ത്രി വീണാ ജോർജിനെതിരെ തികച്ചും അനാവശ്യമായ വിവാദമാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയർത്തുന്നതെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചർ.

കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ, വീണാ ജോർജ്ജിന് അവസരം നിഷേധിച്ചത് പ്രതിഷേധാർഹമാണ്. അഞ്ചുവർഷം ഞാൻ സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ മുൻകൂട്ടി അപേക്ഷ നൽകിയോ ​അപ്പോയിന്റ്മെന്റ് വാങ്ങിയോ അല്ല കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നത്. ഒന്നും രണ്ടും യു.പി.എ സർക്കാറുക​ളുടെ കാലത്തുള്ള രണ്ട് ആരോഗ്യമന്ത്രിമാരെയും ഏത് സമയത്തും കാണാൻ കഴിയുമായിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിൽ ഉള്ള മന്ത്രി നദ്ദയെ ഏതെങ്കിലും സമയത്ത് കാണാൻ കഴിയുമെന്നും ആവശ്യം നിരാകരിക്കപ്പെടില്ലെന്നുമുള്ള വിശ്വാസത്തിലാണ് വീണ ഡൽഹിയിൽ വന്നത്. തലേന്ന് തന്നെ അപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, നദ്ദയുടെ സമീപനം ശരിയായില്ല. ഈ രീതിയിലായിരുന്നില്ല വേണ്ടിയിരുന്നത്. സഹപ്രവർത്തകരാണ് ഇന്ത്യയിലെ മന്ത്രിമാർ. അത്, കേന്ദ്രമായാലും സംസ്ഥാനമായാലും. ഒരുസംസ്ഥാനമന്ത്രി കാണണമെന്ന് റിക്വസ്റ്റ് ചെയ്താൽ പാർലമെന്റ് സമ്മേളനത്തിനിടെ സൗകര്യപ്രദമായ 10 മിനിട്ട് നേരം അദ്ദേഹം മാറ്റിവെച്ചാൽ മതി. ആ സമയത്ത് അദ്ദേഹത്തിന്റെ ഓഫിസിൽ വരണമെന്ന് അറിയിച്ചാൽ മതിയായിരുന്നു -ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.

ക്യൂബൻ ഉപപ്രധാനമന്ത്രിയുടെ വൈകുന്നേരം നടക്കുന്ന വിരുന്ന് ചർച്ചക്ക് വേണ്ടിയാണ് വീണ ജോർജ് രാവിലെ തന്നെ ഡൽഹിയിൽ എത്തിയത് എന്ന ആരോപണം തെറ്റാ​ണെന്നും ശ്രീമതി പറഞ്ഞു. ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാൻ എന്നും അവർ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. ‘‘അതിരാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 10 മണിക്കുമുൻപ് ഡൽഹിയിലെത്തി വൈകുന്നേരത്തിനിടയിൽ ഏതെങ്കിലും ഒരു സമയത്ത് അരമണിക്കൂർ സന്ദർശനത്തിന് അനുവാദം നൽകാതിരുന്നത് ശരിയായോ എന്ന് കേരളത്തിലെ പത്രമാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നില്ല. കാണാൻ അൽപസമയം വേണമെന്ന് അപേക്ഷിച്ചിട്ട് അതിന് അനുവദിക്കാതിരുന്നത് മാന്യരായ ഭരണാധികാരികൾക്ക് യോജിച്ചതാണോ? ആ വിഷയം ഗൗരവമുള്ളതാണ് .എന്നാൽ വീണാ ജോർജിനെ വ്യക്തിപരമായി തകർക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിനും അവരുടെ പത്രമാധ്യമങ്ങൾക്കും അതൊരു വിഷയമേ ആയില്ല. കേന്ദ്ര മന്ത്രിയെ കാണാൻ അവർ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡൽഹിയിലുണ്ടായിരുന്ന എനിക്ക് അവരുടെ പരിശ്രമം നേരിട്ട് കാണാൻ കഴിഞ്ഞു. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിക്ക് വിമർശനമേയില്ല. എന്നാൽ, വീണാ ജോർജ്ജിനെ കടുത്ത വിമർശനത്തിന് വിധേയമാക്കുന്നു. ആശമാർക്കു വേണ്ടിയല്ലത്രെ മന്ത്രി ഡൽഹിയിൽ വന്നത്. രാത്രി ഉറക്കം കളഞ്ഞ് രാവിലെ തന്നെ ഡൽഹിയിലെത്തിയത് വൈകുന്നേരം നടക്കുന്ന പരിപാടിക്കു വേണ്ടിയാണ് എന്ന് വിവക്ഷ. ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാൻ ?’ 

Tags:    
News Summary - pk sreemathi teacher about veena george -jp nadda meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.