ആലപ്പുഴ: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ജില്ലയിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പരീക്ഷ ജയിച്ചവരേക്കാൾ കൂടുതൽ സീറ്റാണ് പലയിടത്തുമുള്ളത്. ഉന്നതവിജയം നേടിയിട്ടും ഇഷ്ടപ്പെട്ട വിഷയങ്ങളും സ്കൂളും ലഭിക്കാത്തവരുമുണ്ട്. ആലപ്പുഴ, ചേർത്തല വിദ്യാഭ്യാസ ജില്ലകളിൽ സീറ്റുകൾക്കായി പിടിവലിയുണ്ട്. എന്നാൽ, മറ്റിടങ്ങളിൽ സ്ഥിതി വിപരീതമാണ്. മെറിറ്റിൽപോലും 374 സീറ്റാണ് ബാക്കിയുള്ളത്. പ്ലസ് വൺ പഠനത്തിന് യോഗ്യത നേടിയത് 21,549 വിദ്യാർഥികളാണ്.
എന്നാൽ, അപേക്ഷയുടെ എണ്ണം കൂടിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ 25,113 പേരാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചത്. മൂന്ന് അലോട്ട്മെന്റ് പൂർത്തിയായപ്പോൾ വിവിധ ക്വോട്ടകളിലായി 17,534 പേരാണ് പ്രവേശനം നേടിയത്. ജനറൽ മെറിറ്റ്- 14339, സ്പോർട്സ്- 262, കമ്യൂണിറ്റി ക്വോട്ട- 1438, മാനേജ്മെന്റ് ക്വോട്ട -1126, അൺ എയ്ഡഡ്- 369 എന്നിങ്ങനെയാണ് വിദ്യാർഥികൾ പ്രവേശനം നേടിയത്.
17,017 സീറ്റുകളിൽ 16,643 എണ്ണത്തിലാണ് അലോട്ട്മെന്റ് നടന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കിൽ ജനറൽ മെറിറ്റ്- 374, സ്പോർട്സ്- 185, കമ്യൂണിറ്റി- 888, മാനേജ്മെന്റ്- 2766, അൺ എയ്ഡഡ്- 1799 എന്നിങ്ങനെ 6012 ഒഴിവുകളാണുള്ളത്. ഇതിനൊപ്പം സമീപജില്ലകളിൽനിന്ന് അപേക്ഷിച്ച 2522 പേരുണ്ട്. വി.എച്ച്.എസ്.ഇയിലും സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. ജില്ലയിലെ 21 സ്കൂളുകളിൽ വിവിധ ട്രേഡുകളിലായി 449 സീറ്റാണ് ബാക്കിയുള്ളത്. ജില്ല അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെയും പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ടതുമായ സ്ഥലങ്ങളിലെ കുട്ടികളും അപേക്ഷ നൽകിയതാണ് എണ്ണംകൂടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ മിനിമം രണ്ട് മുതൽ ഒമ്പത് ബാച്ചുകൾ വരെയുള്ള സ്കൂളുകൾ ജില്ലയിലുണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലും കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലുമാണ് കൂടുതൽ സീറ്റുകൾ ഒഴിവുള്ളത്. ആലപ്പുഴ, ചേർത്തല വിദ്യാഭ്യാസ ജില്ലകളിലെ സീറ്റ് ക്ഷാമമുണ്ട്. അത് പരിഹരിക്കാൻ ചേർത്തല, അമ്പലപ്പുഴ താലൂക്കിലെ സ്കൂളുകളിൽ അധികസീറ്റുകൾ അനുവദിച്ചിരുന്നു. അധികബാച്ചുകൾ അനുവദിച്ചപ്പോൾ സർക്കാർ സ്കൂളുകൾ ഏറ്റെടുക്കാതിരുന്നതാണ് ആലപ്പുഴ, ചേർത്തല മേഖയിൽ പ്രശ്നമായത്. നിലവിൽ കൂടുതൽ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത് സർക്കാർ സ്കൂളുകളിലാണ്. ഇതിനൊപ്പം വിവിധതലങ്ങളിൽ വിദ്യാർഥികൾക്ക് നൽകുന്ന ബോണസ് പോയന്റുകൾ കണക്കാക്കിയുള്ള പ്രവേശന നടപടികളും വിനയാകാറുണ്ട്. അതിനാൽ വീടിനടുത്തുള്ളതും നേരത്തേ പഠിച്ചിരുന്ന സ്കൂളുകളും കിട്ടാത്ത സ്ഥിതിയുണ്ട്. അതിനാൽ എ പ്ലസ് നേടിയ ഒരേ റാങ്കിലുള്ളവർക്കുപോലും ഇഷ്ടവിഷയം കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ജൂലൈ രണ്ടിന് സപ്ലിമെന്ററി പ്രവേശന ലിസ്റ്റ് വരുമ്പോൾ ബാക്കിയുള്ള സീറ്റുകൾ കൂടി നികത്തും. നിലവിൽ സ്കൂളുകളിൽ ഒഴിവുള്ള കമ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകൾ ഓപൺ മെറിറ്റിലേക്ക് മാറ്റിയാവും സീറ്റുകൾ ക്രമപ്പെടുത്തുക. ഗ്രേഡിങ് സംവിധാനത്തിൽ കൂടുതൽ വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയതാണ് ഇഷ്ട സ്കൂളുകളിൽനിന്ന് പുറത്താകുന്നത്. സ്കൂളുകളിൽ എല്ലാവരും സയൻസ് ഗ്രൂപ് ആവശ്യപ്പെട്ടാൽ അതേ സ്കൂളിൽ തുടർപഠനത്തിന് അവസരം ലഭിക്കില്ല. എസ്.എസ്.എൽ.സിയുടെ മാർക്കിനൊപ്പം സ്പോർട്സ് ക്വോട്ട ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതിനാലാണിത്.
എയ്ഡഡ് സ്കൂളുകളിൽ ഒരുബാച്ചിലെ 50 സീറ്റുകളിൽ 20 എണ്ണം മാത്രമേ ജനറൽ മെറിറ്റ് വിഭാഗത്തിൽ അനുവദിക്കൂ. ജനറൽ മെറിറ്റിൽ ഒന്നു വീതം സ്പോർട്സ്, ഐ.ഇ.ഡി കുട്ടികൾക്കായി മാറും. ബാക്കിയുള്ള സീറ്റുകൾ 10 വീതം മാനേജ്മെന്റ്, കമ്യൂണിറ്റി, പട്ടികജാതി-വർഗ വിഭാഗങ്ങളിലായി മാറും. 21,549 വിദ്യാർഥികളാണ് ജില്ലയിൽനിന്ന് ഉന്നതപഠനത്തിനു യോഗ്യത നേടിയത്. പത്താം ക്ലാസിനുശേഷം സി.ബി.എസ്.ഇയിലെ ഒരുവിഭാഗം വിദ്യാർഥികൾകൂടി കേരള സിലബസിലേക്ക് വരുന്നതാണ് അപേക്ഷകരുടെ എണ്ണംകൂടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.