കോഴിക്കോട്: ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷിക്കേണ്ട അവസാന തീയതി പിന്നിടുമ്പോൾ സംസ്ഥാനത്ത് അപേക്ഷിച്ചവരുടെ എണ്ണവും അനുവദിച്ച സീറ്റുകളും തമ്മിൽ 87,855 എണ്ണത്തിന്റെ അന്തരം. 4,58773 പേരാണ് ഇതുവരെ അപേക്ഷിച്ചത്. ഇക്കുറി എസ്.എസ്.എൽ.സി പാസായത് 4,17077 പേരാണ്. സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ മറ്റു സ്കീമുകളിൽനിന്നും 36,276 പേരും അപേക്ഷിച്ചിട്ടുണ്ട്. മാർജിനൽ വർധന അടക്കം സംസ്ഥാനത്ത് പ്ലസ് വണ്ണിനുള്ളത് 3,70918 സീറ്റുകളാണ്. അൺ എയ്ഡഡ് സീറ്റുകൾ കൂട്ടാത്ത കണക്കാണിത്.
ഓരോ ജില്ലയിലെയും അപേക്ഷിച്ചവരുടെ എണ്ണവും ബ്രാക്കറ്റിൽ സീറ്റുകളുടെ എണ്ണവും. തിരുവനന്തപുരം - 34386 (31370), കൊല്ലം - 32882 (12861), പത്തനംതിട്ട - 13985 (12861), ആലപ്പുഴ- 25530 (20800), കോട്ടയം - 22850 (19072), ഇടുക്കി- 12641(10300), എറണാകുളം- 37428 (32100), തൃശൂർ- 38864 (33420), പാലക്കാട്- 44094 (31500), മലപ്പുറം- 80764 (55560), കോഴിക്കോട് - 47064 (37895), വയനാട്- 12004 (10210), കണ്ണൂർ - 36871(32760), കാസർകോട് - 19406 (15650).
എസ്.എസ്.എൽ.സി സ്കീമിൽ പരീക്ഷ പാസായവർക്ക് പുറമെ സി.ബി.എസ്.സി, ഐ.സി.എസ്.സി, മറ്റ് സ്കീമുകൾ എന്നിങ്ങനെ പരീക്ഷ പാസായവർകൂടി അപേക്ഷിച്ചതിനാലാണ് എണ്ണത്തിൽ ഇത്രയും വർധന. എസ്.എസ്.എൽ.സി പരീക്ഷ പാസായവരുടെ എണ്ണവും പ്ലസ് വൺ സീറ്റുകളുടെ എണ്ണവും മാത്രം കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്ത് 46,159 സീറ്റുകളുടെ കുറവുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 22,267 സീറ്റുകളാണ് ജില്ലയിൽ കുറവ്. പാലക്കാട് 7386 സീറ്റുകളും കോഴിക്കോട് 5145 ഉം കാസർകോട് 3796 ഉം കൊല്ലത്ത് 2779 ഉം തിരുവനന്തപുരത്ത് 2465 ഉം കണ്ണൂരിൽ 2215 ഉം വയനാട്ടിൽ 1390 ഉം ഇടുക്കിയിൽ 984 ഉം തൃശൂരിൽ 717 ഉം ആലപ്പുഴയിൽ 613 ഉം കുറവുണ്ട്.
അതേസമയം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ സീറ്റുകൾ അധികമാണ്. പത്തനംതിട്ടയിൽ 2757 സീറ്റുകളും കോട്ടയത്ത് 186 സീറ്റുകളും എറണാകുളത്ത് 655 സീറ്റുകളും അധികമുണ്ട്. ഓരോ ജില്ലകളിലെയും അൺ എയ്ഡഡ് സീറ്റുകൾകൂടി കണക്കിലെടുത്താലും മലബാർ ജില്ലകളിൽ സീറ്റിന് പിന്നെയും ക്ഷാമം നേരിടും. ഇഷ്ടവിഷയങ്ങൾ ഫുൾ എ പ്ലസുകാർക്കും കിട്ടാൻ പ്രയാസമാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.