തിരുവനന്തപുരം: മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കി പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച തുടങ്ങും. ഇതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകി. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളും പൂർത്തിയാക്കിയതിനാൽ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇപ്പോൾ ലഭിച്ച പ്രവേശനത്തിൽ തുടർന്ന് പഠിക്കുന്നവരാകുമെന്നതിനാൽ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ലെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
നേരേത്ത ക്ലാസുകൾ തുടങ്ങുന്നതുവഴി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി ക്ലാസുകളില്‍ കൂടുതല്‍ അധ്യയനദിവസങ്ങള്‍ ലഭിക്കും. ക്ലാസ് തുടങ്ങുമ്പോൾ ഓരോ സ്കൂളിലും പ്രവേശനം നേടിയ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന തരത്തിൽ പൊതുയോഗം നടത്തണം.
സ്കൂൾ വിഭാഗത്തിലെ ക്ലാസുകളെ ബാധിക്കാത്തതരത്തിൽ അസംബ്ലി ഹാളിൽ പ്ലസ് വൺ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇരുത്തിയശേഷം പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡന്റ്, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ആമുഖ വിശദീകരണം നൽകണം. സ്കൂളിലെ ബാച്ചുകൾ ഏതൊക്കെയെന്നും ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകരാരൊക്കെയെന്നും പരിചയപ്പെടുത്താം.
സ്കൂളിന്റെ പ്രവർത്തനസമയം, അച്ചടക്ക സംബന്ധിയായ കാര്യങ്ങൾ, ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മയക്കുമരുന്നിനെതിരായ അവബോധം തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.