തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മതിയായ സീറ്റില്ലാത്ത ജില്ലകളിൽ 72 താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനം. 60 ബാച്ചുകൾ പുതുതായി അനുവദിച്ചും കുട്ടികളില്ലാത്ത 12 ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് മാറ്റിയുമായിരിക്കും ക്രമീകരിക്കുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനുശേഷം ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും.
72 താൽക്കാലിക ബാച്ചുകളിൽ 26 എണ്ണം സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം ജില്ലയിലാകും. കോഴിക്കോട് 18, പാലക്കാട് 12, കണ്ണൂർ ഏഴ്, വയനാട് രണ്ട്, തൃശൂർ അഞ്ച് , കാസർകോട് ഒന്ന് എന്നിങ്ങനെയായിരിക്കും താൽക്കാലിക ബാച്ചുകൾ അനുവദിക്കുക. പുതിയ ബാച്ചുകൾ 61 എണ്ണം ഹ്യുമാനിറ്റീസിലും പത്തെണ്ണം കോമേഴ്സിലും ഒന്ന് സയൻസിലുമായിരിക്കും. സയൻസ് ബാച്ച് പാലക്കാട് ജില്ലയിലായിരിക്കും. പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള ഒാപ്ഷൻ പരിഗണിച്ചാണ് പുതിയ ബാച്ചുകളുടെ കോമ്പിനേഷൻ തീരുമാനിച്ചത്.
പത്തനംതിട്ട ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്ത ബാച്ചുകളാണ് വടക്കൻ ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യുക. ഒരേ വിഷയ കോമ്പിനേഷനിൽ രണ്ട് ബാച്ചുകളുള്ള സ്കൂളുകളിൽനിന്ന് കുട്ടികൾ കുറവുള്ളതാണ് ട്രാൻസ്ഫർ ചെയ്യുന്നത്. ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന 20 ബാച്ചുകളുണ്ടെങ്കിലും ഒമ്പതെണ്ണം സയൻസ് കോമ്പിനേഷനിലുള്ളവയാണ്. സീറ്റില്ലാത്ത ജില്ലകളിൽ അപേക്ഷകരുള്ളത് ഒരു സയൻസ് ബാച്ചിലേക്ക് മാത്രമാണ്. 11 ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും ഒരു സയൻസ് ബാച്ചുമാണ് ട്രാൻസ്ഫർ ചെയ്യുന്നത്.
പ്രവേശനം നേടുന്ന വിദ്യാർഥികൾ പഠിച്ചിറങ്ങുന്നതോടെ താൽക്കാലിക ബാച്ചുകൾ ഇല്ലാതാകും. നിലവിൽ ഹയർസെക്കൻഡറിയുള്ള സർക്കാർ സ്കൂളുകളിലാണ് ബാച്ചുകൾ അനുവദിക്കുന്നത്. അടിസ്ഥാന സൗകര്യം പരിശോധിച്ച് ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർമാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ബാച്ച് അനുവദിക്കുന്ന സ്കൂളുകൾ തീരുമാനിക്കുന്നത്. ബാച്ച് അനുവദിക്കുന്ന സ്കൂളുകളിൽ നിലവിലുള്ള അധ്യാപകരുടെ സേവനത്തിന് പുറമെ െഗസ്റ്റ് അധ്യാപകരെ നിയമിച്ചായിരിക്കും അധ്യയനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.