തൃശൂർ: ചൊവ്വാഴ്ച മുതല്‍ തുടങ്ങുന്ന പ്ലസ്‌വണ്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡൽ പരീക്ഷക്കും വാർഷിക പരീക്ഷക്കും ഇടയിൽ അകലം ഒരുദിവസം മാത്രം. പരീക്ഷ മാതൃക പരിചയപ്പെട്ടിട്ട് പഠനം ക്രമീകരിക്കാൻ പോലും സമയം നൽകാതെ വാർഷിക പരീക്ഷ നടത്തി ചടങ്ങുതീർക്കുകയാണെന്നാണ് വിദ്യാർഥികളുടെ ആരോപണം.
മാത്രമല്ല, 120 മാർക്കിെൻറ ചോദ്യം തന്ന് 60 മാർക്കിെൻറ പാറ്റേൺ മാറ്റി പരീക്ഷ കർശനമാക്കിയാണ് എത്തുന്നതെന്നത് ആശങ്കക്കിടയാക്കുന്നു. വാര്‍ഷിക പരീക്ഷയെഴുതാന്‍ മാത്രമാണ് നാലര ലക്ഷത്തോളം പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ ആദ്യമായി സ്‌കൂളിലെത്തുന്നത്. സെപ്റ്റംബര്‍ ആറുമുതല്‍ നടക്കുന്ന പരീക്ഷക്ക് മുന്നോടിയായി ഓണ്‍ലൈനില്‍ പഠിച്ച കുട്ടികളില്‍ മൂന്നിലൊന്നിനും സിലബസ് പൂര്‍ണമായി പരിചയപ്പെടാനായിട്ടില്ല. നെറ്റ്വര്‍ക്ക് കവറേജിനു പുറത്തായിരുന്നു നല്ലൊരുവിഭാഗം കുട്ടികളുമെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ച ഓൺലൈനായാണ് ഹയർ സെക്കൻഡറി മോഡൽ പരീക്ഷ നടക്കുന്നത്. ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വീട്ടിലിരുന്നു പരീക്ഷയെഴുതാനാണ് നിര്‍ദേശം. മോഡല്‍ പരീക്ഷ നടത്തി എന്നുവരുത്തിത്തീര്‍ക്കാനുള്ള നടപടി അപലപനീയമാണെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. ദിവസവും അഞ്ചര മണിക്കൂര്‍ മോഡല്‍ പരീക്ഷ എഴുതേണ്ടിവരുന്ന ദുരിതാവസ്ഥയിലാണ് കുട്ടികള്‍. മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നതോടെ പഠിച്ച കാര്യങ്ങള്‍ ശരിയാണോ എന്നുവിലയിരുത്താന്‍ കുട്ടികള്‍ക്ക് അവസരമില്ല. മൂല്യനിർണയം നടത്താനോ മാര്‍ക്കുകള്‍ കുട്ടികളെ അറിയിക്കാനോ അധ്യാപകർക്കും ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.
35 ശതമാനത്തോളം വിദ്യാർഥികൾ നെറ്റ്വർക്ക് കവറേജിന് പുറത്താണെന്ന് സർവേ ഫലത്തിൽ തെളിഞ്ഞിരുന്നു. അതിനാൽ നല്ല വിഭാഗം വിദ്യാർഥികൾക്ക് അന്യമായിരുന്നു ഓൺലൈൻ ക്ലാസുകൾ. അവരുടെ പഠനം വിക്ടേഴ്സ് ക്ലാസിലൊതുങ്ങി. ആദിവാസികൾ, ദലിതർ, പിന്നാക്കക്കാർ എന്നിവരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ തുടങ്ങിയ ഹോസ്റ്റലുകൾ പോലും തുറക്കാത്ത സാഹചര്യത്തിൽ അവരെ പൊതുധാരയിൽനിന്നുള്ള മാറ്റി നിർത്തലാകും ഇപ്പോഴത്തെ പരീക്ഷണമെന്നാണ് ആരോപണം. തിരക്ക് പിടിച്ചുനടത്തുന്ന പരീക്ഷയെത്തുടർന്ന് വിദ്യാർഥികൾ മാനസിക സംഘർഷത്തിലാണെന്ന് അധ്യാപകർ പറയുന്നു.
എസ്.എസ്.എൽ.സിയിൽനിന്ന് തികച്ചും വിഭിന്നമാണ് ഹയർ സെക്കൻഡറി പരീക്ഷ. 40 വിഷയ കോമ്പിനേഷനുകളിലായി 53 വിഷയങ്ങളാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കാനുള്ളത്. റെയർ സബ്ജക്ടുകൾ എന്നറിയപ്പെടുന്ന സൈക്കോളജി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജിയോളജി, ആന്ത്രപ്പോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയിട്ടുമില്ല. പുതിയ പാറ്റേണിലുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് അപരിചിതമാണ്. 120 മാർക്കിെൻറ ചോദ്യം തന്ന് 60 മാർക്കിെൻറ പാറ്റേൺ മാറ്റി ഓരോ വിഭാഗങ്ങളാക്കി നിശ്ചിത എണ്ണം എഴുതിയേ തീരൂവെന്ന രീതിയിലാണ് പരീക്ഷപേപ്പർ. ചോയ്സില്ലാത്ത എ സെക്ഷൻ ചേദ്യങ്ങൾ കൂടി വരുന്നതോടെ എല്ലാ വിഭാഗങ്ങളും ഹൃദിസ്ഥമാക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ.
പരീക്ഷ നടത്തി ചടങ്ങുതീർക്കുകയല്ല, അൽപം സമയം നൽകി വിദ്യാർഥികളുടെ മാനസിക സമ്മർദം കുറക്കുക എന്നതാണ് വേണ്ടതെന്ന് അധ്യാപകർ പറയുന്നു. മാതൃക പരീക്ഷ നടത്തി വാർഷിക പരീക്ഷക്ക് മുമ്പ് അൽപം സമയം വേണം. രണ്ടാഴ്ചയെങ്കിലും സ്കൂളിലെത്തി അധ്യാപകരെ കണ്ട് സംശയ നിവാരണം നടത്താൻ സമയം ആവശ്യമാണ്. മാർച്ചിൽ രണ്ടാംവർഷ വാർഷിക പരീക്ഷക്ക് വേണ്ടിയാണ് വേഗത്തിൽ ആദ്യവർഷ പരീക്ഷ തീർക്കുന്നത് എന്നതാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ന്യായം. എന്നാൽ, അൽപം നീണ്ടുപോയാലും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ സമയം കൊടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.