മലപ്പുറം: മൂന്ന് ഘട്ടങ്ങളിലായി പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നത് 32,432 പേർ. ഏകജാലകം, മോഡൽ റെസിൻഡൻഷ്യൽ സ്കൂൾ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിലൂടെ 50,014 പേരാണ് പ്രവേശനം നേടിയത്.
അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 950 പേരും പ്രവേശിച്ചു. ഇതുംകൂടി പരിഗണിച്ചാൽ ആകെ 50,964 പേരാണ് പ്രവേശന നടപടികൾ പൂർത്തീകരിച്ചത്. ഏകജാലകം വഴിയുള്ള 50,080 സീറ്റിൽ 45,152 പേർ പ്രവേശനം നേടി. ഇതിൽ ഇനി 4,928 സീറ്റുകൾ ബാക്കിയുണ്ട്. കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിലുള്ള 8,850 സീറ്റുകളിൽ 4,862 പേർ പ്രവേശനം നേടി. ഇതിൽ 3,988 സീറ്റുകളും ഒഴിവുണ്ട്. ഇതടക്കം ആകെ 8,916 സീറ്റുകളാണ് ബാക്കിയുള്ളത്. മുഖ്യ അലോട്ട്മെന്റിന് 82,446 പേരാണ് അപേക്ഷ നൽകിയത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ഇവരെ പരിഗണിച്ചാൽ 23,516 പേർ പ്രവേശനം ലഭിക്കാതെ പുറത്താണ്. സർക്കാർ വാദപ്രകാരം സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിലെല്ലാം കൂടി 9,215 ഒഴിവുണ്ടെന്നാണ് പറയുന്നത്. ഇതുപ്രകാരം 23,217 പേർക്ക് അലോട്ട്മെന്റ് ലഭിക്കില്ലെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ 11,236 സീറ്റുകളുള്ളതിൽ 950 പ്രവേശനം നേടി. ഇതിൽ 10,286 സീറ്റുകളുണ്ട്.
നിലവിൽ മുഖ്യഘട്ട അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയതോടെ തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഇനി ജൂലൈ രണ്ടുമുതലാണ് സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുക. ഇതിൽ നേരത്തേ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയവർക്കും എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതി ഫലം ലഭിച്ചവർക്കും സപ്ലിമെന്ററിയിൽ അപേക്ഷ നൽകാം. ഇതോടെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയർന്നേക്കും. നിലവിൽ സർക്കാർ വാദ പ്രകാരം ജില്ലയിൽ ആവശ്യത്തിന് സീറ്റുണ്ടെന്നാണ് പറയുന്നത്. എന്നാൽ, കണക്കുകൾ നേരെ വിപരീതമാണ്. മൂന്നാംഘട്ടത്തിൽ മെറിറ്റിൽ 44,254, സ്പോർട്സിൽ 873, മോഡൽ റെസിഡൻസി സ്കൂളിൽ 25, കമ്യൂണിറ്റി 3,105, മാനേജ്മെന്റിൽ 1,757, അൺ എയ്ഡഡിൽ 950 പേരുമാണ് പ്രവേശനം നേടിയത്.
മലപ്പുറം: തെറ്റായ കണക്കുകൾ കൊണ്ട് മലപ്പുറത്തെ ജനങ്ങളെ വഞ്ചിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയറ്റ്. പ്ലസ് വൺ മൂന്ന് അലോട്ട്മെന്റിലും മലബാറിൽ നിരവധി വിദ്യാർഥികൾക്കാണ് തുടർപഠനത്തിന് അവസരം നിഷേധിക്കപ്പെട്ട് പുറത്തുനിൽക്കുന്നത്. സർക്കാറിന്റെ വിദ്യാർഥി വിരുദ്ധ നിലപാടിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് ഹൈവേ ഉപരോധം നടത്തി. ജില്ല വൈസ് പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ, ജില്ല സെക്രട്ടറി ഫായിസ് എലാങ്കോട്, സെക്രട്ടേറിയറ്റ് ജസീം കൊളത്തൂർ, തവനൂർ മണ്ഡലം സെക്രട്ടറി ഹിലാൽ തവനൂർ, വണ്ടൂർ മണ്ഡലം ജോയൻറ് സെക്രട്ടറി ഷമീം ഫർഹാൻ, ഉസാമ നിദാൽ എന്നിവരെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്തവർ പിന്നീട് ജാമ്യത്തിൽ വിട്ടു. ജൂൺ 25ന് ‘ജില്ല കമ്മിറ്റി മലപ്പുറം പട’ പേരിൽ കലക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഫ്രറ്റേണിറ്റി അറിയിച്ചു. അവസരം നിഷേധിച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ബാസിത് താനൂർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ റമീസ് ചാത്തല്ലൂർ, ഫാത്തിമത്ത് റാഷിന, നേതാക്കളായ ദിൽഷാൻ മങ്കട, യു.ടി. ഹാദി എന്നിവർ നേതൃത്വം നൽകി.
മലപ്പുറം: പ്ലസ് വൺ സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർഥികളും രക്ഷിതാക്കളും ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും സീറ്റില്ലാത്ത പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ കലക്ടറോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജംഷീൽ അബൂബക്കർ, ജില്ല ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ല വൈസ് പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ, ജില്ല സെക്രട്ടേറിയറ്റ് അംഗം റമീസ് ചാത്തല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് സിനാൻ, ബസില ജാസ്മിൻ, ഹനീന ഫാത്തിമ, മിദ ജെബിൻ, ഫാത്തിമ സൻഹ തുടങ്ങിയ വിദ്യാർഥികളാണ് കലക്ടർക്ക് നിവേദനം നൽകിയത്.
മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാർഥി സമരത്തെ അടിച്ചമർത്താനല്ല, പുതിയ ബാച്ചുകൾ അനുവദിക്കാനാണ് പിണറായി വിജയൻ തന്റേടം കാണിക്കേണ്ടത് എന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്. പ്ലസ് വൺ മൂന്നാം അലോട്ട്മെൻറ് പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചിട്ടില്ല. എസ്.എഫ് ഐ നേതൃത്വത്തിനടക്കം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.
തെരുവിൽ സമരം ചെയ്യുന്ന ഫ്രറ്റേണിറ്റി മൂവ്മെൻറ് അടക്കമുള്ള സമര സംഘടനകളെ പൊലീസിനെ ഉപയോഗിച്ച് മർദിച്ചും കേസ് ചുമത്തിയും മുന്നോട്ടുപോകുന്ന സർക്കാറിനെതിരെ ശക്തമായ ജനരോഷം ഉയർത്തിക്കൊണ്ടുവരും. മലപ്പുറത്തെ ജനങ്ങൾ തെരുവിലിറങ്ങി അവകാശങ്ങൾ നേടിയെടുക്കും വരെ ശക്തമായ സമരപരിപാടികളുമായി വെൽഫെയർ പാർട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്സിക്യൂട്ടിവിൽ കെ.വി. സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, നസീറ ബാനു, വഹാബ് വെട്ടം തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം: ഹയർ സെക്കൻഡറി മേഖലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കുക, അപേക്ഷിച്ച മുഴുവന്‍ വിദ്യാർഥികള്‍ക്കും സീറ്റ് ഉറപ്പാക്കുക, മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരങ്ങള്‍ തുടരുന്നു. ആര്.ഡി.ഡി ഓഫിസ് പൂട്ടിയിടല്‍ സമരം നാലാം ദിവസവും തുടര്‍ന്നു. ശനിയാഴ്ച 10ഓടെ ഓഫിസിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫിസ് പൂട്ടിയിട്ടു. തടയാന്‍ പൊലീസുമെത്തിയതോടെ നേരിയ ഉന്തും തള്ളുമുണ്ടായി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പിന്റെ നേതൃത്വത്തിലാണ് സമരം അരങ്ങേറിയത്. ജില്ല വിങ് കണ്‍വീനര്‍ മബ്റൂഖ് കോട്ടക്കല്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് എന്‍.കെ. നിഷാദ് ചേറൂര്, ജനറല്‍ സെക്രട്ടറി സല്മാന് കടമ്പോട്ട്, ഭാരവാഹികളായ ആബിദ് കൂന്തള, ആഷിഖ് കാവുങ്ങല്‍, കെ.പി. സക്കീര്‍, ശഫീഖ്, ഇ.കെ. ജാനിഷ് ബാബു എന്നിവരാണ് അറസ്റ്റിലായത്. എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് വെള്ളിയാഴ്ച നടന്ന സമരവുമായി ബന്ധപ്പെട്ട് റിമാൻഡിലാണ്. തിങ്കളാഴ്ച മുതല്‍ ആര്.ഡി.ഡി ഓഫിസ് പൂട്ടിയിടല്‍ സമരം തുടരും.
താനൂർ: മലബാറിലെയും മലപ്പുറം ജില്ലയിലെയും പ്ലസ് വൺ സീറ്റ് വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും അതത് പ്രദേശങ്ങളിൽതന്നെ തുടർപഠനത്തിന് പരമാവധി സൗകര്യമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്ലസ് വൺ അലോട്ട്മെൻറിന്റെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ മലബാറിലെ മേൽപറഞ്ഞ ജില്ലകളിലെ വിജയിച്ച കുട്ടികളിൽ പലർക്കും സീറ്റ് ലഭിച്ചിട്ടില്ലെന്ന വിഷയം മന്ത്രി മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്ലസ് വണില്ലാത്ത മുഴുവൻ ഗവ. ഹൈസ്കൂളുകളും അപ്ഗ്രേഡ് ചെയ്തും സൗകര്യങ്ങളുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിച്ചും പ്രതിസന്ധി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് പ്ലസ് വൺ സീറ്റ് വിഷയം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പുനൽകിയതായും മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.