പ്ലസ് വണ്‍ സീറ്റ്: വിദ്യാഭ്യാസ മന്ത്രി നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്നു -തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് അവസരമില്ലെന്നിരിക്കേ വിദ്യാഭ്യാസ മന്ത്രി കള്ളക്കണക്കുകള്‍ നിരത്തി നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ ഐടിഐ, പോളിടെക്‌നിക്, അണ്‍ എയ്ഡഡ് സീറ്റുകള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് മന്ത്രി മറുപടി പറഞ്ഞത്. മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് മന്ത്രി വിശദീകരിക്കണം. വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളില്‍ ഉപരി പഠനം നടത്താനുള്ള സൗകര്യമുണ്ടാകണം. പ്ലസ് വണ്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐടിഐ സീറ്റ് കാണിച്ചുകൊടുക്കുകയല്ല വേണ്ടത്.

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലായി അരലക്ഷത്തിലധികം സീറ്റുകള്‍ കുറവാണ്. പ്ലസ് വണ്‍ സീറ്റില്‍ മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടുത്ത വിവേചനമാണ് മലബാര്‍ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്നത്. എണ്ണം പെരുപ്പിച്ച് കാണിച്ചും കള്ളക്കണക്കുകള്‍ നിരത്തിയും പൊതുസമൂഹത്തെ ഉത്തരം മുട്ടിക്കുന്നതിനു പകരം ക്രിയാത്മകമായ പ്രശ്‌ന പരിഹാരമാണ് ഉണ്ടാവേണ്ടത്. പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മലബാര്‍ മേഖല വേദിയാകുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. 

Tags:    
News Summary - Plus one seat: Education Minister even misleads Assembly -Thulasidharan Pallikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.