തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പുതിയ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേരത്തേ അൺഎയ്ഡഡ്, ഐ.ടി.ഐ സീറ്റ് ചേർത്ത കണക്ക് അവതരിപ്പിച്ച് പൊളിഞ്ഞ ശേഷമാണ് അപേക്ഷകരെ കുറച്ചുകാണിച്ചും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ എണ്ണം കുറവുള്ള സീറ്റിൽനിന്ന് കുറച്ചുമുള്ള മന്ത്രിയുടെ പുതിയ കണക്ക്.
മലബാറിൽ ശേഷിക്കുന്ന കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകൾ കൂടി പരിഗണിച്ചാലും 54,000 പേർക്ക് സീറ്റുണ്ടാകില്ലെന്നുള്ള കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലപ്പുറം ജില്ലയിൽ 82,446 അപേക്ഷകരുണ്ടെങ്കിലും ഇതിൽ സമീപജില്ലകളിലെ 7606 പേരെ കുറച്ച് 74,840 അപേക്ഷകരാണുള്ളതെന്നാണ് മന്ത്രിയുടെ വാദം. സമീപ ജില്ലകളിലുള്ള ഒട്ടേറെ കുട്ടികൾ ഇതിനകം മലപ്പുറം ജില്ലയിലെ അതിർത്തി പ്രദേശ സ്കൂളുകളിൽ പ്രവേശനം നേടിയെന്നതിനാൽ അപേക്ഷകരെ കുറച്ചുകാണിച്ചുള്ള മന്ത്രിയുടെ വാദം നിലനിൽക്കില്ല . പുറമെ, മലപ്പുറത്ത് അലോട്ട്മെന്റ് നൽകിയിട്ടും 10,897 പേർ പ്രവേശനം നേടിയിട്ടില്ലെന്ന് പറയുന്ന മന്ത്രി ഇത്തരം അപേക്ഷകരെ ജില്ലയിൽ ശേഷിക്കുന്ന അപേക്ഷകരിൽനിന്ന് കുറച്ചുമുള്ള കണക്കും അവതരിപ്പിക്കുന്നു.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരിൽ മഹാഭൂരിഭാഗവും ഏകജാലകത്തിൽ ഇഷ്ട സ്കൂളും ഇഷ്ട വിഷയ കോമ്പിനേഷനും ലഭിക്കാത്തവരാണ്. ഈ വിദ്യാർഥികളിൽ ഭൂരിഭാഗവും കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലാണ് പ്രവേശനം നേടുക. സമീപ ജില്ലകളിലെ അപേക്ഷകരെ മാറ്റി നിർത്തിയാൽ പോലും മലപ്പുറത്ത് 74,840 അപേക്ഷകരുണ്ട്. ജില്ലയിൽ പ്രവേശനം നേടിയ 49,906 പേരെ മാറ്റി നിർത്തിയാൽ ജില്ലയിൽ 24,934 അപേക്ഷകർ പുറത്തുണ്ട്. ജില്ലയിൽ മെറിറ്റിൽ ഒഴിവുള്ള 5745ഉം സപോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിലെ ഒഴിവുകളും കൂടി ചേർത്താൽ ആകെ 11,083 സീറ്റുകൾ ബാക്കിയുണ്ടെന്നും മന്ത്രി പറയുന്നു. സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്ന ജില്ലക്കകത്തുള്ള 24,934 അപേക്ഷകരിൽനിന്ന് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 10,897 പേരുടെ എണ്ണം കുറച്ചാണ് മന്ത്രി ജില്ലയിൽ ശേഷിക്കുന്ന അപേക്ഷരുടെ എണ്ണം 14,037 ആണെന്നും ഇവർക്കായി 11,083 സീറ്റുണ്ടെന്നും സ്ഥാപിക്കാൻ ശ്രമിച്ചത്.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയവർ മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകൾ വഴി പ്രവേശനം നേടിയെങ്കിലും ഇവരെ ജില്ലയിൽ സീറ്റ് ആവശ്യമുള്ളവരുടെ എണ്ണത്തിൽ കുറച്ചുകാണിക്കുന്ന പുതിയ കണക്ക് തന്ത്രമാണ് ശനിയാഴ്ച മന്ത്രി അവതരിപ്പിച്ചത്. യഥാർഥത്തിൽ ജില്ലക്ക് പുറത്തുനിന്നുള്ള കുട്ടികൾ കൂടി പ്രവേശനം നേടിയതിനാൽ മന്ത്രി അവതരിപ്പിച്ചതിലും കൂടുതലാണ് ജില്ലയിലെ യഥാർഥ അപേക്ഷകർ.
കണക്ക് വെച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. മലപ്പുറത്തെ 74,840 അപേക്ഷകരിൽ 49,906 പേർക്ക് പ്രവേശനം ലഭിച്ചു. ജില്ലയിൽ 10,897 പേർ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. ശേഷിക്കുന്ന അപേക്ഷകർ 14,037 പേർ മാത്രമാണ്. ഇവർക്കായി ജില്ലയിൽ മെറിറ്റിൽ 5745ഉം സ്പോർട്സ് േക്വാട്ടയിൽ 365ഉം കമ്യൂണിറ്റി േക്വാട്ടയിൽ 3759ഉം മാനേജ്മെന്റ് േക്വാട്ടയിൽ 5091ഉം സീറ്റുകൾ ചേർത്ത് ആകെ 11,083 സീറ്റുകൾ ബാക്കിയുണ്ട്. ഇതിന് പുറമെ 10,467 സീറ്റുകൾ അൺഎയ്ഡഡ് സ്കൂളുകളിലുണ്ട്. സംസ്ഥാനത്താകെ 3,16,669ഉം പേർ പ്രവേശനം നേടി. ശേഷിക്കുന്ന സീറ്റുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകൾ കൂടി നടത്തും. ജൂൺ 24ന് ക്ലാസുകൾ തുടങ്ങും. സീറ്റ് വിഷയത്തില് രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുത്.-മന്ത്രി ശിവൻകുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.