പ്ലസ് വൺ പിൻവാതിൽ പ്രവേശനത്തിന് സ്പെഷൽ ഓർഡർ; ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ആയിരത്തിലധികം പേർക്ക് മെറിറ്റ് അട്ടിമറിച്ച് പിൻവാതിലിലൂടെ പ്ലസ് വൺ പ്രവേശനത്തിന് വഴിയൊരുക്കിയ സ്പെഷൽ ഓർഡർ രീതിയെ ന്യായീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്പെഷൽ ഓർഡർ നൽകിയത് ജനപ്രതിനിധികളുടെ ആവശ്യം മുൻനിർത്തിയും അനുകമ്പ അർഹിക്കുന്നവർക്കും ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവർക്കുമെന്ന് മന്ത്രിയുടെ വാർത്തകുറിപ്പിൽ പറയുന്നു.

ഇക്കാര്യത്തിൽ സുതാര്യമായ നടപടിക്രമങ്ങളാണ് സ്വീകരിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റുകളും പൂർത്തിയായതിന് ശേഷമാണ് സ്പെഷൽ ഓർഡർ നൽകേണ്ട അപേക്ഷകൾ പരിഗണിച്ചത്. അർഹരായ എല്ലാ വിദ്യാർഥികളെയും പരിഗണിച്ചതിന് ശേഷമാണ് സ്പെഷൽ ഓർഡർ നൽകിത്തുടങ്ങിയത്.

എം.എൽ.എമാർ അടക്കം ജനപ്രതിനിധികളുടെ ശിപാർശകളുള്ള അപേക്ഷകളാണ് പരിഗണിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള അവശത അനുഭവിക്കുന്ന രക്ഷിതാക്കളുള്ള വിദ്യാർഥികൾ, ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർഥികൾ, മലയോര- പിന്നാക്ക മേഖലയിൽ സാങ്കേതിക പ്രശ്നത്താൽ അപേക്ഷയിൽ തെറ്റ് വന്നവർ/അപേക്ഷിക്കാൻ കഴിയാത്തവർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കാണ് പ്രവേശനം നൽകിയത്.

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലും സ്പെഷൽ ഓർഡർ വഴി കുട്ടികളെ പരിഗണിച്ചിട്ടുണ്ട്. അനുകമ്പയും അവസരവും അർഹിക്കുന്ന വിദ്യാർഥികളെ ആ തരത്തിൽ പരിഗണിക്കേണ്ടതില്ലെന്നാണ് പൊതുനിലപാടെങ്കിൽ അടുത്ത തവണ മുതൽ സ്പെഷൽ ഓർഡർ വേണ്ടെന്നുവെക്കുന്ന കാര്യം തീരുമാനിക്കാമെന്നും മന്ത്രിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.

എന്നാൽ പ്രവേശനം നൽകിയുള്ള ഉത്തരവുകളിലൊന്നും പ്രത്യേക പരിഗണനക്ക് ആധാരമായ കാര്യങ്ങൾ പറയുന്നില്ല. മാത്രവുമല്ല, പൂർണമായും ഏകജാലക രീതിയിൽ മെറിറ്റടിസ്ഥാനത്തിൽ നടത്തുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിലേക്കാണ് പിൻവാതിൽ പ്രവേശനം നടത്തുന്നത്. സ്പെഷൽ ഓർഡർ വഴി പ്രവേശനം നൽകിയ കുട്ടികളേക്കാൾ പരീക്ഷയിൽ മെറിറ്റുള്ള കുട്ടികൾ ഇഷ്ട സ്കൂളും കോഴ്സും ലഭിക്കാതെ അലോട്ട്മെന്‍റ് ലഭിച്ച സ്കൂളുകളിൽ തുടരുമ്പോഴാണ് ഇവർക്ക് മുകളിൽ ഇഷ്ട സ്കൂളും കോഴ്സിലേക്കും സർക്കാർ ഉത്തരവിലൂടെ പ്രവേശനം നൽകുന്നത്.

ഒഴിവില്ലെന്ന് പ്രിൻസിപ്പൽമാർ നൽകിയ റിപ്പോർട്ട് അവഗണിച്ചും പ്രവേശനം നൽകി. ആരോഗ്യപരമായ കാരണങ്ങളാൽ പ്രവേശന നടപടികളിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്ക് മാത്രം അനുവദിച്ചിരുന്ന സ്പെഷൽ ഓർഡർ പ്രവേശനം വിദ്യാഭ്യാസ വകുപ്പിന്‍റെ അറിവോടെ പിൻവാതിൽ പ്രവേശനത്തിനുള്ള വഴിയാക്കി മാറ്റിയതാണ് പ്രശ്നം.

Tags:    
News Summary - Plus one: special order for back door admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.