പി.എം. ഫൗണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: ഡോ. പി. മുഹമ്മദലി സ്ഥാപകനായ പി.എം. ഫൗണ്ടേഷന്‍െറ വിദ്യാഭ്യാസ മികവിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലെ മെറീഡിയനില്‍ നടന്ന 30ാം വാര്‍ഷിക അവാര്‍ഡുദാനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍നിന്ന് 2016ല്‍ എസ്.എസ്.എല്‍.സി, എച്ച്. എസ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ 689 വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫക്കറ്റുമാണ് വിതരണം ചെയ്തത്. ഇതില്‍ 277 പേര്‍ പത്താം ക്ളാസ് പരീക്ഷയില്‍ ഉയര്‍ന്നവിജയം നേടിയവരാണ്. മാധ്യമം ദിനപത്രവുമായി സഹകരിച്ച് നടത്തിയ ടാലന്‍റ് സര്‍ച് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 11 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു. നൂറു ശതമാനം വിജയം ഉള്‍പ്പെടെ നേടി മികച്ച പ്രകടനം കാഴ്ചവെച്ച 25 മുസ്ലിം മാനേജ്മെന്‍റ് സ്കൂളുകളെയും മുസ്ലിം ഓര്‍ഫനേജ് വിദ്യാലയങ്ങളെയും ആദരിച്ചു. പി.എം. ഫെലോഷിപ്പിന് അര്‍ഹരായ 12 വിദ്യാര്‍ഥകള്‍ക്കും സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര മേളകളില്‍ നൂതന ആശയം അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും പ്രത്യേക അവാര്‍ഡ് നല്‍കി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ. പി. മുഹമ്മദലി സന്ദേശം നല്‍കി. അമേരിക്കയിലെ പ്രൈസ്സെന്‍സ് പ്രസിഡന്‍റും സി.ഇ.ഒയുമായ മുഹമ്മദ് ഷാഫി വിശിഷ്ടാഥിതിയായിരുന്നു. ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് സെക്രട്ടറിയും മാധ്യമം പ്രിന്‍ററും പബ്ളിഷറുമായ ടി.കെ. ഫാറൂഖ് ആശംസനേര്‍ന്നു. ഫൗണ്ടേഷന്‍ ട്രസ്റ്റി ഖദീജ സീനത്ത് സ്വാഗതവും ഡോ. എന്‍.എം. ഷറഫുദ്ദീന്‍ വിദ്യാര്‍ഥികള്‍ക്കും ഡോ. അഷ്റഫ് കടയ്ക്കല്‍ രക്ഷിതാക്കള്‍ക്കും നന്ദിയും പറഞ്ഞു. ഫൗണ്ടേഷന്‍ ട്രസ്റ്റികളായ സി.പി. കുഞ്ഞുമുഹമ്മദ്, ജസ്റ്റിസ് എം. ഫാത്തിമാബീവി, സി.എച്ച്.എ റഹീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മുന്‍ പ്ളാനിങ് ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍, എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ എന്നിവര്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി സംവദിച്ചു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്, സിവില്‍ സര്‍വിസ് പരീക്ഷകളില്‍ വിജയം നേടിയ കെ.എം. മിറാസ്, സഫീര്‍ കരീം എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കി. കെ. ഷിബില്‍, വി. ഷഹിന്‍, പി. ഫഹീം, ഹാദി അബ്ദുറസാഖ്, സി.കെ. ഹാദിയാ നവാല്‍, മുഹമ്മദ് ജാബിറലി, സഫീര്‍ സുബ്ഹാന്‍, പി. അബ്ദുല്‍ ബാസിത്, ആദില്‍ ഷിഹാബ്, ഫാത്തിമ, പി. സല്‍മ സുമന്‍ എന്നിവരാണ് മാധ്യമം ടാലന്‍റ് സര്‍ച് അവാര്‍ഡിന് അര്‍ഹരായത്.

1988ല്‍ ആരംഭിച്ച പി.എം. ഫൗണ്ടേഷന്‍ 28 വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും സ്കോളര്‍ഷിപ്പും നല്‍കിയിട്ടുണ്ട്. 2013 മുതല്‍ ഇന്ത്യയിലെ മികച്ച കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ് പദ്ധതികള്‍ നടത്തിവരുന്നു. പശ്ചിമകൊച്ചി കേന്ദ്രീകരിച്ച് മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനക്ളാസ് നടത്തുന്നുണ്ട്. സിവില്‍ സര്‍വിസ് പരീക്ഷാര്‍ഥികള്‍ക്കുവേണ്ടി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം. ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം. ഫൗണ്ടേഷന്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ക്കല ജാമിഅ മന്നാനിയയുമായി ചേര്‍ന്ന് മന്നാനിയ ഇന്‍റഗ്രേറ്റഡ് ഇസ്ലാമിക് കരിക്കുലം എന്ന പേരില്‍ വിദ്യാഭ്യാസ പദ്ധതിയും നടത്തുന്നുണ്ട്.

Tags:    
News Summary - pm foundation education award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.