കൊച്ചി: കൊച്ചിയിൽനിന്ന് കൂറ്റനാട് വഴി ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഭൂമിക്കടിയിലെ കൂറ്റൻ പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കുന്ന കൊച്ചി-കൂറ്റനാട്-ബംഗളൂരു-മംഗളൂരു പൈപ്പ് ലൈൻ പ്രോജക്ട്(കെ.കെ.ബി.എം.പി.എൽ) പദ്ധതി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിക്കും.
ഗെയിൽ ഇന്ത്യ ലിമിറ്റഡ് കമ്പനി ചുക്കാൻ പിടിക്കുന്ന 5700 കോടി ചെലവുള്ള പദ്ധതി മുഖേനെ ആയിരക്കണക്കിന് വീടുകളിലേക്ക് പൈപ്പിലൂടെ പ്രകൃതിവാതകവും(പി.എൻ.ജി) മംഗളൂരുവിലെയും ബംഗളൂരുവിലെയും വ്യവസായിക മേഖലകളിലേക്ക് ദ്രവീകൃത പ്രകൃതി വാതകവും(എൽ.എൻ.ജി) വാഹനങ്ങൾക്കായി സാന്ദ്രീകൃത പ്രകൃതിവാതകവും(സി.എൻ.ജി) എത്തും.
വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായങ്ങള്‍ക്കും സംശുദ്ധ ഇന്ധനം ലഭ്യമാവുന്ന പദ്ധതി വഴി നികുതിയിനത്തിൽ പ്രതിവർഷം 1000 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം പുതുവൈപ്പിലുള്ള പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിൽനിന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ കടന്നുപോവുന്ന പൈപ് ലൈൻ, കർണാടകയിലെ ദക്ഷിണ കന്നട ജില്ലയായ മംഗളൂരുവിലാണ് അവസാനിക്കുന്നത്.
ഇതിനകം 3000 കോടി രൂപ ചെലവിട്ട പദ്ധതിയിൽ കേരളത്തിൽ 414 കിലോമീറ്ററും കർണാടകയിൽ 36 കിലോമീറ്ററുമാണ് പൈപ്പ്ലൈൻ ദൈര്‍ഘ്യം. പൈപ്പ് ലൈൻ കടന്നുപോകുന്ന ഇടങ്ങളിൽ വീടുകളിലും വാഹനങ്ങളിലും പ്രകൃതി വാതകം വിതരണം ചെയ്യുന്നതിന് പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ്.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിസംബോധന ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തടസങ്ങൾക്കൊടുവിൽ യാഥാർഥ്യം
2009ൽ അനുമതി നേടി, 2010ൽ നിർമാണം തുടങ്ങിയ ഗെയിൽ പൈപ് ലൈൻ പദ്ധതിക്ക് പ്രാദേശികമായി വിവിധയിടങ്ങളിലുണ്ടായ എതിർപ്പും ഭൂമിശാസ്ത്രപരമായ തടസ്സങ്ങളും പ്രതിബന്ധമായിരുന്നു. 2016ലാണ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്. കൊച്ചിയിൽനിന്ന് കൂറ്റനാട് വരെയുള്ള പൈപ്പിടൽ 2019ൽ പൂർത്തിയായിരുന്നെങ്കിലും കാസർകോട് ജില്ലയിലെ ചന്ദ്രഗിരി പുഴക്ക് കുറുകെ പൈപ്പിടുന്നത് ഏറെക്കാലമായി തടസ്സപ്പെട്ടിരുന്നതിനാലാണ് പദ്ധതി പൂർത്തീകരണം വൈകിയത്. കോവിഡ് ലോക്ഡൗണും തടസമായി. ഇപ്പോൾ കേരള അതിർത്തിയായ വാളയാർ വരെ പൈപ്പിടൽ പൂർത്തിയായെങ്കിലും തമിഴ്നാട്ടിൽ എതിർപ്പുമൂലം തടസ്സപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.