മലപ്പുറം: മുസ്ലിം ലീഗ് പുറത്താക്കിയ കെ.എസ്. ഹംസയെ പൊന്നാനി ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയ സി.പി.എം തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം. കെ.എസ്. ഹംസയുടെ വരവോടെ പൊന്നാനിയിൽ ലീഗിന്‍റെ വിജയം എളുപ്പമായെന്ന് പി.എം.എ. സലാം പ്രതികരിച്ചു.
ലീഗിലെ ചില നേതാക്കൾ സി.പി.എമ്മുമായി ബന്ധപ്പെടുന്നുവെന്ന് ആരോപിച്ച് പാർട്ടി യോഗങ്ങളിൽ ബഹളമുണ്ടാക്കുകയും ഇതേതുടർന്ന് പുറത്താക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ഹംസ. ഹംസ സ്ഥാനാർഥിയാകുമെന്ന വാർത്തയോടെ ലീഗ് പ്രവർത്തകർ ആവേശത്തിലാണ്. പൊന്നാനിയിൽ പാർട്ടി സ്ഥാനാർഥിക്ക് ഭൂരിപക്ഷം വർധിക്കുമെന്നും പി.എം.എ. സലാം വ്യക്തമാക്കി.
ലീഗിന് മൂന്നാം സീറ്റ് ലഭിക്കും. ചർച്ച പുരോഗമിക്കുകയാണ്. 25ന് എറണാകുളത്ത് നടക്കുന്ന അന്തിമ ചർച്ചയിൽ തീരുമാനമുണ്ടാകും. രാജ്യസഭ സീറ്റിനെ കുറിച്ച് ചർച്ച നടന്നിട്ടില്ല. രാജ്യസഭ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ കെ.എസ്. ഹംസയെയാണ് പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി സി.പി.എം മത്സരിപ്പിക്കുന്നത്. ലീഗിനും സമസ്തക്കും ഇടയിലെ അകൽച്ച മുതലെടുക്കുക, കാന്തപുരം ഗ്രൂപ്പ് അടക്കം മറ്റു മുസ്ലിം സംഘടനകളുമായി ഹംസക്കുള്ള അടുപ്പം വോട്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സി.പി.എമ്മിനുണ്ട്.
പ്രവർത്തകനിൽ നിന്ന് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വരെയായ കെ.എസ്. ഹംസ തൃശൂർ ചേലക്കര തൊഴുപ്പാടം സ്വദേശിയാണ്. ലീഗ് സംഘടന സംവിധാനം അറിയാവുന്ന ഹംസക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നാണ് സി.പി.എം കരുതുന്നത്. മുഈനലി തങ്ങൾ ചെയർമാനായ ഹൈദരലി തങ്ങൾ ഫൗണ്ടേഷന്റെ കൺവീനറുമാണ് ഇദ്ദേഹം.
കഴിഞ്ഞ മാർച്ചിലാണ് ഹംസയെ അച്ചടക്കലംഘനം ആരോപിച്ച് ലീഗ് പുറത്താക്കിയത്. പാർട്ടി യോഗങ്ങളിലെ ചർച്ച മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഹംസ, ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിനെതിരെ കോടതിയെ സമീപിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ കൂട്ടായ്മ രൂപപ്പെടുത്താൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.