തൃശൂര്‍: പട്ടികജാതിക്കാരിയായ ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ പീച്ചി തെക്കേപായ്ക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്റര്‍ കോട്ടയം സ്വദേശി സനില്‍ കെ. ജെയിംസിനെ(35) ജീവിതാന്ത്യം വരെ കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും തൃശൂര്‍ പോക്സോ കോടതി ശിക്ഷിച്ചു.
മറ്റൊരു പോക്സോ കേസിൽ 40 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുകയാണ് ഇപ്പോൾ ഇയാൾ. വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം കൊടുക്കണമെന്ന് നിർദേശിച്ച കോടതി ഇതിന് ജില്ല ലീഗൽ സർവിസസ് അതോറിറ്റി നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പിഴസംഖ്യ ഇരക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
പീച്ചി സാൽവേഷൻ ആർമി ചർച്ചിലും പാസ്റ്ററുടെ ഔദ്യോഗിക വസതിയിലും വെച്ച് 2013 മുതൽ 2015 വരെ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തൃശൂർ പോക്സോ സ്പെഷൽ കോടതിയുടെ ചുമതലയുള്ള സെഷൻസ് ജഡ്ജി നിക്സൺ എം. ജോസഫാണ് കേസ് പരിഗണിച്ചത്. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ കൗൺസലറായ അധ്യാപികയോടാണ് പീഡനവിവരം പറഞ്ഞത്. അവർ ഇക്കാര്യം തൃശൂർ ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് ചെയ്തു. തുടർന്ന് പീച്ചി പൊലീസാണ് കേസെടുത്തത്.
ഇയാൾ ഇതേ കാലഘട്ടത്തിൽ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയും സഹപാഠിയുമായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ആ കേസിലാണ് 40 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഇയാളുടെ ഭാര്യയും മകളും കൂടെ താമസിക്കുമ്പോൾത്തന്നെയാണ് കേസിനാസ്പദമായ സംഭവവുമുണ്ടായത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഇരയെ ഉൾപ്പെടെ 16 സാക്ഷികളെയും 32 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. ഒല്ലൂർ സി.ഐ എ. ഉമേഷാണ് ആദ്യം കേസന്വേഷിച്ചത്. ഇര ദലിത് വിഭാഗത്തിൽപ്പെട്ടതായതിനാൽ പിന്നീട് തൃശൂർ അസി. കമീഷണർ ടി. ശിവവിക്രമും അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.