തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായ കമ്പനി ഉദ്യോഗസ്ഥരുടെ അറസ്റ്റ് മൂടി വെച്ച് പൊലീസ്. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സനൽ മാനേജർ പി.യു ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം മൂടി വെച്ചത്.
ഉപാധികളിന്മേൽ ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയ മൂവരും ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് സി.ഐ ഇ.ഡി. ബിജു മുമ്പാകെ ഹാജരായിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരായ ദിവസം തന്നെ മൂന്ന് പ്രതികളുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു എന്ന് മാത്രമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. ചോദ്യം ചെയ്യലിനിടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ അറസ്റ്റ് രേഖപ്പെടുത്തി ആൾ ജാമ്യത്തിൽ പ്രതികളെ വിട്ടയക്കണമെന്ന നിബന്ധനയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി നിർദ്ദേശിച്ചിരുന്നത്.
എന്നാൽ ഭരണ തലത്തിൽ വരെ പിടിപാടുള്ള പ്രതികളുടെ അറസ്റ്റ് വാർത്ത പുറത്തുവിടാൻ പാടില്ലെന്ന ഉന്നതരുടെ നിർദേശ പ്രകാരമാണ് പൊലീസ് അറസ്റ്റ് മൂടി വെച്ചതെന്നാണ് ലഭിക്കുന്ന വിവരം. മദ്യ നിർമാണത്തിനായി മധ്യപ്രദേശിൽ നിന്നും ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്നും 20,386 ലിറ്റർ മറിച്ചു വിറ്റ സംഭവത്തിൽ പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ പിടിയിലായ നാല് പ്രതികൾ മാവേലിക്കര സബ് ജയിലിൽ റിമാന്‍റിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.