‘പൊലീസ് സ്വർണം പൊട്ടിക്കുന്നില്ല, അൻവറിന്‍റേത് കോൺഗ്രസ് പശ്ചാത്തലം’; വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പി.വി. അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി സ്വർണം കടത്തിയ കുറ്റവാളികളെ മഹത്വവൽക്കരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പൊലീസിനെ നിർവീര്യമാക്കാനുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹത്തിനെതിരെ അന്വേഷണമില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

ചാനൽ വാർത്തയിൽ പുറംതിരിഞ്ഞിരിക്കുന്ന സ്വർണക്കടത്തു പ്രതി വെളിപ്പെടുത്തൽ നടത്തുന്ന രീതിയിൽ പല കാര്യങ്ങളും റിപ്പോർട്ട് ചെയ്യുകയാണ്. പിടിക്കപ്പെട്ട അളവിലുള്ള സ്വർണം കോടതിയിൽ എത്തുന്നില്ല എന്നും പൊലീസ് സ്വർണം പൊട്ടിച്ചെന്നും ആരോപിക്കുകയാണ്. എല്ലാവരുടെയും മുന്നിൽ വെച്ചാണ് പിടിക്കപ്പെടുന്ന സ്വർണം തൂക്കുന്നത്. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച നിലയിലുള്ള സ്വർണം പിടിച്ചെടുക്കുമ്പോൾ, യഥാർഥ സ്വർണത്തിന്റെ അളവ് കിട്ടാൻ വസ്ത്രം കത്തിക്കേണ്ടിവരും. ഇത്തരത്തിൽ ചെയ്യുമ്പോൾ തൂക്കത്തിൽ വ്യത്യാസം വരിക സ്വാഭാവികമാണ്. ശരീരത്തിനകത്ത് ഒളിച്ചുകടത്തുന്ന സ്വർണം പലപ്പോഴും മറ്റെന്തെങ്കിലും ലോഹവുമായി കൂട്ടിച്ചേർത്തിട്ടുണ്ടാകും. ഇതും വേർതിരിച്ചെടുക്കുമ്പോൾ അളവിൽ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതി പാർട്ടിയിൽ ആയിരുന്നു അൻവർ ഉന്നയിക്കേണ്ടിയിരുന്നത്. അൻവറിന് എതിരെ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു ഗവർണ്ണർ എഴുതിയിട്ടുണ്ട്. അതൊക്കെ ബന്ധപ്പെട്ടവർ അന്വേഷിക്കും. എ.ഡി.ജി.പിക്ക് എതിരെ ഒരു ആരോപണം വന്നു എന്നത് കൊണ്ട് ഒരു നടപടിയും ഉണ്ടാകും എന്ന് ആരും തെറ്റിദ്ധരിക്കേണ്ട.അൻവർ പത്ര സമ്മേളനം നടത്തിയ സമയത്ത് ഒക്കെ അദ്ദേഹത്തെ ബന്ധപ്പെട്ടു തന്നെ നേരിട്ട് കാണാൻ ആവശ്യപ്പെട്ടു. ആകെ അഞ്ചു മിനിറ്റ് ആണ് അൻവർ താനുമായി സാസാരിച്ചത്. അത് കഴിഞ്ഞ് അദ്ദേഹം ഇറങ്ങി പോയി. സംസാരിക്കുന്ന കാര്യം റിക്കോർഡ് ചെയ്യുന്ന പൊതുപ്രവർത്തകൻ ആണ് അൻവർ. അൻവർ നൽകുന്ന പരാതി സ്വീകരിച്ചു നടപടി സ്വീകരിക്കാൻ അല്ല പി. ശശി ഇരിക്കുന്നത്. അങ്ങിനെ ചെയ്‌താൽ പി. ശശി അല്ല ആരായാലും ആ പോസ്റ്റിൽ ഉണ്ടാകില്ല. അൻവർ ഇങ്ങനെ തുടർച്ചയായി പറഞ്ഞാൽ ഞാനും തുടർച്ചയായി പറയും. അൻവറിന്‍റെ പാശ്ചാത്തലം ഇടതുപക്ഷ പാശ്ചാത്തലം അല്ല, കോൺഗ്രസ്‌ പാശ്ചാത്തലം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അജിത്കുമാറിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണ്. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. അന്വേഷണ റിപ്പോർട്ട് വരുന്നതനുസരിച്ചാകും ഇത്. ആരോപണത്തിന്റെ പേരിൽ ആരെയും മാറ്റിനിർത്തുന്നത് ശരിയല്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ നീക്കാൻ സി.പി.ഐ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. അജിത്കുമാറിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് ലഭിക്കുമെന്നും വ്യക്തമാക്കി. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ അജിത്കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ ഡി.ജി.പി ചോദ്യംചെയ്തിരുന്നു.

വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തിൽ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. മാധ്യമങ്ങൾ നൽകിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കിയെന്നും പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. യനാട് ദുരന്തത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളീയരും ഇവിടുത്തെ സര്‍ക്കാറും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Police don't crack gold'; CM Pinarayi Vijayan criticizes PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.