നിലമ്പൂർ: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരാണെന്ന കോടതി വിധി പൊലീസിന്റെ അന്വേഷണ മികവിന് ലഭിച്ച അംഗീകാരം. വർഷങ്ങൾ കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിവുകൾ ശേഖരിച്ചത്. ഷാബ ശരീഫിന്റെ മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നായിരുന്നു പ്രതികളുടെ മൊഴി. ചാലിയാറിൽ നാവികസേനയുടെ സഹായത്തോടെ പൊലീസ് നടത്തിയ ദിവസങ്ങൾ നീണ്ട തിരച്ചിലിലും മൃതശരീരഭാഗങ്ങൾ കണ്ടെത്താനായിരുന്നില്ല. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിൽ പിടിമുറുക്കുകയായിരുന്നു.
മൂലക്കുരു ചികിത്സക്കുള്ള ഔഷധക്കൂട്ട് അറിയുന്നതിനാണ് ഷാബ ശരീഫിനെ ഒരു വർഷത്തോളം മുഖ്യപ്രതിയുടെ വീട്ടിൽ തടവിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ഷൈബിൻ അഷ്റഫിന്റെ വീട്ടിലെ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയ ഷാബ ശരീഫിന്റെ രക്തക്കറയും മുടിയും നിർണായക തെളിവുകളായി. പൊലീസ് കോടതിയിൽ സമർപ്പിച്ച 3177 പേജുള്ള കുറ്റപത്രം ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും നിരത്തിയുള്ളതായിരുന്നു. 30 ശാസ്ത്രീയ തെളിവുകൾ പൊലീസ് ഹാജരാക്കി. 107 സാക്ഷികളും ഉണ്ടായിരുന്നു. വിചാരണ കാലയളവിൽതന്നെ കുറ്റപത്രം സമർപ്പിച്ചതും കേസിന് ബലം നൽകി. വിരമിച്ച എസ്.ഐ ഉൾപ്പെടെ കേസിൽ പ്രതിചേർക്കപ്പെട്ടുവെന്നതും കേസിന്റെ പ്രത്യേകതയാണ്.
2019 ആഗസ്റ്റ് ഒന്നിന് മൈസൂരുവിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുവന്ന ഷാബ ശരീഫിനെ മുഖ്യപ്രതി ഷൈബിന്റെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചു. 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തി. ഒമ്പതിന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി പുലർച്ചെ ചാലിയാറിലൊഴുക്കി.
അന്നത്തെ ജില്ല പൊലീസ് മേധാവി സുജിത് ദാസ് നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകിയ കേസാണിത്. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കാതെ പോയതും കേസിൽ പൊലീസിന്റെ സമയോചിത ഇടപെടൽ കൊണ്ടാണ്. z നിലമ്പൂർ ഡിവൈ.എസ്.പി ഷാജു കെ. അബ്രഹാം, നിലമ്പൂർ ഇൻസ്പെക്ടർമാരായ പി. വിഷ്ണു, എസ്.ഐമാരായ എം. അസൈനാർ, നവീൻ ഷാജ്, എ.എസ്.ഐമാരായ അനിൽ കുമാർ, എ. ജാഫർ, വി.കെ. പ്രദീപ് കുമാർ, റെന്നി ഫിലിപ്പ്, സി.പി.ഒ സന്ധ്യ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, സുനിൽ മാമ്പാട്, കെ.ടി. ആഷിഫലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.