വൈപ്പിന്‍: ഞായറാഴ്ച പുതുവൈപ്പ് ഐ.ഒ.സി പദ്ധതി പ്രദേശത്തുണ്ടായ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താല്‍ വൈപ്പിനില്‍ പൂര്‍ണം. ഇരുചക്രവാഹനങ്ങളെപോലും സമരക്കാർ കടത്തിവിട്ടില്ല. രാവിലെതന്നെ ഗോശ്രീ കവലയിലും മാലിപ്പുറത്തും ഗതാഗതം സ്തംഭിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവർത്തകർ മാലിപ്പുറം പാലത്തില്‍ റോഡ് ഉപരോധിച്ചു. രാവിലെ പള്ളിപ്പുറം, ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ പ്രദേശങ്ങളിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തെത്തി. കുഴുപ്പിള്ളി, ഞാറക്കല്‍ എന്നിവടങ്ങളില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനം നടത്തി. ഉച്ചയോടെ ഗതാഗത തടസ്സം ഒഴിവായി. കടകള്‍ തുറന്നില്ല. ഫിഷറീസ് കോഒാഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താലും പൂര്‍ണമായിരുന്നു. ഇന്‍ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങളും നാടന്‍ വള്ളങ്ങളും മത്സ്യബന്ധനത്തിന് പോയില്ല.
സംഘര്‍ഷത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ മുനമ്പം, ഞാറക്കല്‍ സ്റ്റേഷനിേലക്കാണ് കൊണ്ടുപോയത്. ഇവിടങ്ങളിൽ അന്തിയുറങ്ങിയവര്‍ക്ക് പ്രാഥമിക സൗകര്യംപോലും നിഷേധിച്ചതായി പരാതി ഉയര്‍ന്നു. ഞാറക്കല്‍ സ്റ്റേഷന് വളപ്പില്‍ രണ്ട് സ്ത്രീകള്‍ മൂത്രമൊഴിച്ചതോടെയാണ് ഇവരെ കളമശ്ശേരിയിലേക്ക് നീക്കിയത്.
സമരത്തിന് പിന്തുണയറിയിച്ചും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും ബി.ജെ.പി, സി.പി.ഐ, എന്‍.സി.പി, പി.ഡി.പി, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി.
ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനം പ്രകോപനപരമായി നീങ്ങിയെങ്കിലും പൊലീസ് സംയമനം പാലിച്ചു. ഐ.ഒ.സി.യുടെ കവാടത്തിലെ ബാരിക്കേഡിന് മുകളില്‍ കയറാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പാർട്ടി സംസ്ഥന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാധാകൃഷ്ണന്, കെ.എസ്. ഷൈജു, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി. മുജീബ് റഹ്മാന്, കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, പരിസ്ഥിതി പ്രവര്ത്തകന് പ്രഫ. സി.ആര്. നീലകണ്ഠന്, മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് ടി. രഘുവരന്. കെ.പി.സി.സി നിര്‍വാഹകസമതി അംഗം കെ.ആര്. സുഭാഷ്, കേരള പുലയ മഹാസഭ സംസ്ഥാന പ്രസിഡൻറ് ടി.വി. ബാബു എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.