തിരുവനന്തപുരം: കേരള പൊലീസിൽ നിന്ന് വെടിയുണ്ട കാണാതായ സംഭവത്തിൽ സി.എ.ജിയെ തള്ളി പൊലീസ്. ഉപയോഗക്ഷമമായ ഒരു വെടിയുണ്ടപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കാട്ടി പൊലീസിലെ ആഭ്യന്തര ഓഡിറ്റ് സമിതി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ഡി.ഐ.ജി പി. പ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ആഭ്യന്തര ഓഡിറ്റ് സമിതി റിപ്പോർട്ട്.
കാണാനില്ലെന്ന് പറഞ്ഞ ഉപയോഗക്ഷമമായ 12,061 വെടിയുണ്ടകൾ പൊലീസിെൻറ വിവിധ ക്യാമ്പുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം ആംഡ് റിസര്‍വ് ക്യാമ്പ്, മലബാര്‍ സ്പെഷല്‍ പൊലീസ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയന്, എസ്.ബി.സി.ഐ.ഡി സെക്യൂരിറ്റി വിഭാഗം, തിരുവനന്തപുരം ജില്ല പൊലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍നിന്നാണ് കണ്ടെത്തിയത്. വിവിധ ക്യാമ്പുകളിലേക്ക് കാട്രിഡ്ജുകള്‍ കൊണ്ടുപോയ രേഖകളും കണ്ടെടുത്തു.
അതേസമയം, ഉപയോഗം കഴിഞ്ഞ 3,706 വെടിയുണ്ടകളുടെ കാട്രിഡ്ജ് കാണാതായിട്ടുണ്ട്. 3624 എണ്ണം കാണാതായത് പുതുതായി നിയമനം ലഭിച്ച സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്കുന്ന ഡി കമ്പനിയില്‍ നിന്ന് 2012 ആഗസ്റ്റിലാണ്. സംഭവത്തിൽ വിശദ അന്വേഷണം വേണം. ഇത്തരം നാണക്കേടുകള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ നിശ്ചിത ഇടവേളകളില്‍ എല്ലാ ബറ്റാലിയനുകളിലും കൃത്യമായ ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
എസ്.എ.പി ക്യാമ്പിലെ എ.കെ 47 തോക്കിൽ ഉപയോഗിച്ച ഒമ്പത് തിരകൾ കാണാതായതിന് പിന്നിൽ റെക്കോഡുകൾ കൃത്യമായി സൂക്ഷിക്കാത്തതിലെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു സമിതി പരിശോധന. ഉപയോഗിക്കാത്ത 12,061 വെടിയുണ്ടകൾ കാണാതായി എന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തൽ. ഇത് വിവാദമാവുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.