തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ ഉദ്യോഗസ്ഥയായിരുന്ന മേഘ ജീവനൊടുക്കിയതിന് കാരണം പ്രണയത്തകർച്ചയെന്ന് പൊലീസ്. ഐ.ബിയിലെ ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദമുണ്ടായിരുന്നു. പിന്നീടത് പ്രണയമായി മാറി. എന്നാൽ ഈ ബന്ധം തകർന്നതാണ് മേഘ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഘയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.
മേഘ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ. പെൺകുട്ടിക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്ന് അമ്മാവൻ ശിവദാസൻ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതിയും നൽകി. നിലവിൽ ഐ.ബിയും പേട്ട പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് 25കാരിയായ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരം പേട്ടക്കും ചാക്കക്കുമിടയിലെ റെയിൽ പാളത്തിൽ തിങ്കളാഴ്ച രാവിലെ 9.15 ഓടെ ട്രെയിൻ തട്ടിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവിൽ ഏവിയേഷന്‍റെ ഐ.ഡി കാർഡിൽ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച രാവിലെ കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നു വരുന്നതിനിടെ, ഫോണിൽ സംസാരിച്ച് നടന്നുവന്ന മേഘ പെട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്‍റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. ഒരു മാസം മുമ്പ് കാരയ്ക്കാക്കുഴി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ ഇമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.