കൊച്ചി: മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് ഹാജരാക്കിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ബോധ്യപ്പെട്ടതായി പൊലീസ്. എറണാകുളം മഹാരാജാസ് കോളജിൽ പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാജാസിലെ ഒറിജിനൽ രേഖകളും വിദ്യ ഇന്റർവ്യൂ വേളയിൽ അട്ടപ്പാടി സർക്കാർ കോളജിൽ നൽകിയ രേഖകളും പരിശോധിച്ചതിൽനിന്നാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സർട്ടിഫിക്കറ്റിലെ ലോഗോയും ഒപ്പും സീലും വ്യാജമാണ്.
മഹാരാജാസ് കോളജിൽ ജോലി ചെയ്തതായി രേഖയുണ്ടാക്കിയാണ് വിദ്യ വിവിധ കോളജുകളിൽ താൽക്കാലിക നിയമനം നേടിയത്. അട്ടപ്പാടി ഗവ. കോളജിന്റെ പരാതിയിലാണ് അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് മഹാരാജാസിലെത്തി പരിശോധിച്ചത്. കോളജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തി. മഹാരാജാസിലെ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമെന്നുമാണ് കോളജ് പ്രിൻസിപ്പലിന്റെ അഭാവത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ഷർമിള മൊഴി നൽകിയത്. ചോദിച്ച രേഖകളൊക്കെ പൊലീസിന് നൽകിയെന്ന് വൈസ് പ്രിൻസിപ്പൽ പറഞ്ഞു.
വിദ്യയുടെ അറസ്റ്റിനു ശേഷമെ കൂടുതൽ വ്യക്തത വരൂ എന്നാണ് അഗളിയിൽ പൊലീസ് പ്രകടിപ്പിച്ച നിലപാട്. സ്വയം സാക്ഷ്യപ്പെടുത്തിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് വിദ്യ അട്ടപ്പാടി കോളജിൽ നൽകിയത്. ബയോഡേറ്റയിലും മഹാരാജാസിൽനിന്നുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ കാര്യം ചേർത്തിട്ടുണ്ട്. അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന ആരോപണം പരിശോധനക്ക് നേതൃത്വം നൽകിയ അഗളി ഡിവൈ.എസ്.പി എൻ. മുരളീധരൻ നിഷേധിച്ചു.
കോളജ് അധികൃതരുടെ മൊഴിയിൽ വൈരുധ്യം
അഗളി: സി.സി.ടി.വിയുടെ ബാക്കപ്പ് സംബന്ധിച്ച് കോളജ് അധികൃതർ നൽകിയ വിവരങ്ങളിൽ വൈരുധ്യം. സി.സി.ടി.വിയുടെ ബാക്കപ്പ് ആറു ദിവസമാണെന്നായിരുന്നു കോളജ് അധികൃതർ ആദ്യം പൊലീസിന് നൽകിയ മൊഴി. അതിനാൽ, ജൂൺ രണ്ടിന് നടന്ന സംഭവമെന്ന നിലയിൽ പൊലീസ് സി.സി.ടി.വി പരിശോധിക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് മാധ്യമ പ്രവർത്തകർക്കു മുന്നിൽ കോളജ് പ്രിൻസിപ്പൽ ബാക്കപ്പ് 12 ദിവസമാണെന്ന് വെളിപ്പെടുത്തിയതോടെ പൊലീസ് തിരികെയെത്തി സി.സി.ടി.വി പരിശോധിക്കുകയും ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.