തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഭാര്യയുടെ ജോലി സ്ഥലത്ത് സുരക്ഷക്കെന്ന പേരിൽ പൊലീസുകാരെ നിയമിച്ചതിലൂടെ ഉണ്ടായ അധിക ബാധ്യതയും സർക്കാർ ഏറ്റെടുക്കും. ബെഹ്റയുടെ ഭാര്യ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന കാലത്താണ് 18 വനിതാ പൊലീസുകാരെ അധികമായി സുരക്ഷക്ക് വിട്ടുനല്‍കിയത്. ഇതുമൂലമുണ്ടായ മൂന്നു കോടിയോളം രൂപയുടെ ബാധ്യത ബെഹ്റയില്‍നിന്ന് ഈടാക്കണമെന്ന വ്യവസായ സുരക്ഷ സേനയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി.
സംസ്ഥാന വ്യവസായ സുരക്ഷ സേനയില്‍നിന്ന് 22 പൊലീസുകാരെയാണ് ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അവര്‍ക്കൊപ്പം 18 വനിതാ പൊലീസുകാരെക്കൂടി ബെഹ്റ നിയോഗിച്ചു. സര്‍ക്കാര്‍ അനുമതി വാങ്ങാതെയുള്ള ഈ സൗജന്യ സേവനം 2017 മുതല്‍ ബെഹ്റ വിരമിക്കുന്ന 2020 വരെ മൂന്നു വര്‍ഷം തുടര്‍ന്നു. പിന്നാലെ ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ടെങ്കിലും ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയുടെ പണം നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. പണം ഈടാക്കേണ്ടത് അനധികൃതമായി പൊലീസുകാരെ നിയോഗിച്ചവരില്‍നിന്നാണെന്ന് വ്യവസായ സുരക്ഷാ സേനയും സര്‍ക്കാറിനെ അറിയിച്ചു. എന്നാൽ, ഈ തുക ബെഹ്റയിൽനിന്ന് വാങ്ങാതെ അധിക സുരക്ഷയുടെ ബാധ്യതയും സംസ്ഥാനം ഏറ്റെടുക്കാനാണ് അണിയറ നീക്കം.
പൊലീസിന്‍റെ ആധുനീകരണത്തിനായി 30 ക്വാർട്ടേഴ്സ് നിർമിക്കാൻ അനുവദിച്ച 4.33 കോടിരൂപ സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാംപ് ഓഫിസ്, സീനിയർ പൊലീസ് ഓഫിസർമാർക്കുള്ള വില്ല, അനുബന്ധ ഓഫിസുകൾ എന്നിവ നിർമിക്കാൻ ഉപയോഗിച്ച കേസിൽ ബെഹ്റയുടെ നടപടി മന്ത്രിസഭ സാധൂകരിച്ചിരുന്നു. ഡി.ജി.പിയുടെ നടപടിയെ സി.എ.ജിയും രൂക്ഷമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.