പത്തനംതിട്ട: നിലക്കൽ ഭദ്രസന മുൻ സെക്രട്ടറിയുടെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ, വൈദികർക്കിടയിലെ രാഷ്ട്രീയ ചേരിതിരിവുകൂടി മറനീക്കിയതോടെ ആടിയുലഞ്ഞ് ഓർത്തഡോക്സ് സഭ നേതൃത്വം.
വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായ വൈദികർ സഭയെ കളങ്കപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ വിഷയം ചൂടുപിടിച്ചു. വിശ്വാസത്തെ ബലികഴിപ്പിച്ച് പാർട്ടി നേതാക്കളെ മഹത്വവത്കരിക്കുന്ന വൈദികരുടെ നിലപാടും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സഭ അംഗങ്ങളായ സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള സഭ നേതൃത്വത്തിന്റെ ആഹ്വാനങ്ങളും വിശ്വാസികൾക്കിടയിൽ കാലങ്ങളായി വിമർശനവിധേയമാകുന്നതിനിടെയാണ് പുതിയ പൊട്ടിത്തെറി.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാനുള്ള ബി.ജെ.പി തന്ത്രത്തിൽ കുടുങ്ങിയ സഭ നേതൃത്വമാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് വിശ്വസികൾ ചൂണ്ടിക്കാട്ടുന്നു.
ഓർത്തഡോക്സ സഭ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസിന്റെ സാന്നിധ്യത്തിൽ ഒരാഴ്ച മുമ്പ് നിലക്കൽ ഭഭ്രാസന സെക്രട്ടറിയായിരുന്ന ഫാ. ഷൈജു കുര്യൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചത് തെളിവായി ഇവർ നിരത്തുന്നു. എൻ.ഡി.എ ജില്ല കമ്മിറ്റി ഡിസംബർ 30ന് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹസംഗമത്തിൽ ഫാ. ഷൈജു കുര്യനും 47 ക്രിസ്ത്യൻ കുടുംബങ്ങൾക്കും കേന്ദ്രമന്ത്രി വി. മുരളീധരനാണ് പാർട്ടി അംഗത്വം നൽകിയത്. ഇതിനിടെ കോന്നിയിലെ സഭയുടെ ഭൂമി സ്വകാര്യ ട്രസ്റ്റ് രൂപവത്കരിച്ച് കൈക്കലാക്കി, സഭ വിശ്വസികളായ സ്ത്രീകളോട് മോശമായി പെരുമാറി, മുതിർന്ന വൈദികരെ ഭീഷണിപ്പെടുത്തി തുടങ്ങിയ പരാതികൾ ഫാ. ഷൈജു കുര്യനെതിരെ ഉയർന്നു.
ഭദ്രാസന ആസ്ഥാനമായ നിലക്കലിൽ സമരവുമായി വിശ്വസികൾ തടിച്ചുകൂടിയതോടെ അന്വേഷണ കമീഷൻ രൂപവത്കരിക്കാൻ ഭദ്രാസന കൗൺസിൽ നിർബന്ധിതമായി. അന്വേഷിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും അതുവരെ ഇദ്ദേഹം ചുമതലകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും നിർദേശിച്ചു. എന്നാൽ, ഇത് കണ്ണിൽപൊടിയിടുന്ന സഭ നേതൃത്വത്തിന്റെ നിലപാടാണെന്നും ഷൈജു കുര്യനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസികൾ സമരരംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ്. ഇത്തരം ആരോപണങ്ങൾ തെളിഞ്ഞ ചില വൈദികരെ ദേവാലയങ്ങളിൽനിന്ന് മാറ്റിയിരുന്നു.
നിലക്കൽ ഭഭ്രാസന സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുമ്പ് മത്സരിച്ച അറിയപ്പെടുന്ന ഇടതുസഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നം ഫാ. ഷൈജു കുര്യനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. ഇരുവരും മാധ്യമചർച്ചകളിൽ പങ്കെടുത്ത് പരസ്പരം ചളിവാരി എറിഞ്ഞതോടെ വിഷയം കത്തി.
ഇതിനിടെ സഭ വിശ്വാസിയായ വീട്ടമ്മയോട് ഷൈജു കുര്യൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന ശബ്ദരേഖ പുറത്തുവന്നു. ഇതിൽ നിയമനടപടിക്ക് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഫാ. മാത്യൂസ് വനിത കമീഷനിൽ പരാതി നൽകി. സഭ നേതൃത്വത്തിന് കൈമാറിയ ഈ ശബ്ദരേഖയും ഷൈജു കുര്യനെ മാറ്റിനിർത്താൻ സഭ നേതൃത്വത്തെ നിർബന്ധിതമാക്കി. ചാനൽ ചർച്ചകൾ സഭക്ക് കളങ്കം ഉണ്ടാക്കിയതായി ചൂണ്ടിക്കാട്ടി ഭദ്രാസന കൗൺസിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തോട് വിശദീകരണം തേടി. വൈദികരുടെ വാട്സ്ആപ് ഗ്രൂപ്പിൽ രൂക്ഷഭാഷയിൽ ഫാ. മാത്യൂസ് പ്രതികരിച്ചത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി.
‘നിക്കോദിമോസേ... എടാ... മോനേ, നിന്റെ കൽപനക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലടാ’ എന്നായിരുന്നു സഭ നിലക്കൽ ഭദ്രാസന അധിപൻ ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തക്കെതിരെ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പുറത്തുവന്ന ശബ്ദരേഖ. വിശദീകരണം ചോദിച്ചതിലുള്ള അമർഷമാണ് മാത്യൂസ് പ്രകടിപ്പിക്കുന്നത്. ബിഷപ്പിനെതിരെ ആരോപണങ്ങളും മറ്റൊരു ഉത്തരവാദിത്തപ്പെട്ട വൈദികനോട് പങ്കുവെച്ചിട്ടുണ്ടെന്നും മാത്യൂസ് പറയുന്നുണ്ട്. ഇതോടെ അച്ചടക്കത്തിന്റെ വാളെടുക്കാൻ സഭ നേതൃത്വം രംഗത്തിറങ്ങി. മെത്രാപ്പോലീത്തക്കെതിരായ പരാമർശത്തിൽ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ട് എത്തി വിശദീകരണം നല്കാന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നിർദേശിച്ചു.
തന്റെ ഭാഗംകൂടി കേള്‍ക്കാന്‍ അവസരം നൽകണമെന്ന് ഫാ. മാത്യുസ് വാഴക്കുന്നം അനുമതി തേടിയിട്ടുണ്ട്. ഇടതു വേദികളിലെ സ്ഥിരം പ്രസംഗകനായ ഇദ്ദേഹം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നിയിൽ സ്ഥാനാർഥിയാകുമെന്നുവരെ സൂചനയുണ്ടായിരുന്നു. രാഷ്ട്രീയ ചേരിതിരിവിൽ ഏറ്റമുട്ടുന്ന വൈദികർക്കെതിരെ നടപടി എടുക്കാതിരുന്നാൽ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം സഭ സ്ഥാനീയരും കതോലിക്ക ബാവയെ നിലപാട് അറിയിച്ചെന്നാണ് വിവരം.
അതേസമയം, നടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മാത്യൂസ് വാഴക്കുന്നം. എന്നാൽ, നടപടി വരാതിരിക്കാൻ നേതൃത്വത്തിനുമേൽ അദ്ദേഹം സമ്മർദം ചെലുത്തുന്നുണ്ട്. ഫാ. ഷൈജു കുര്യനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധിപ്പിക്കാനാകും വാഴക്കുന്നം ശ്രമിക്കുക. അച്ചടക്ക നടപടി പൂർണമായി ഒഴിവാക്കില്ലെന്ന് ഉറപ്പാണ്. അതേസമയം, ഫാ. ഷൈജു കുര്യനെതിരായ സദാചാരവിരുദ്ധ പരാതികളിൽ ഉൾപ്പെടെ അന്വേഷണം നടത്താൻ നിയോഗിച്ച കമീഷൻ ഉടൻ തെളിവെടുപ്പ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.