ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയം; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലാത്ത വിശുദ്ധപദവി മറ്റാർക്കുമുണ്ടെന്ന് കരുതുന്നില്ല -കെ. അനില്‍കുമാർ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലാത്ത വിശുദ്ധപദവി മറ്റാർക്കുമുണ്ടെന്ന് കരുതുന്നി​െല്ലന്നും ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണെന്നും വിശ്വാസത്തെ ദുരുപയോഗം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍. ഓരോ മരണത്തെയും കോണ്‍ഗ്രസ് ആഘോഷിക്കുകയാണെന്നും അതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞ് മുന്നോട്ടുപോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയും രൂക്ഷമായി വിമര്‍ശിച്ച് അനില്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.

‘ഉമ്മന്‍ചാണ്ടിയുടെ 41-ാം ചരമദിവസം പുതുപ്പള്ളിയിലെ എല്ലാ ബൂത്തുകളില്‍നിന്നും കബറിടത്തിലേക്ക് ജാഥയായി എത്തണമെന്നാണ് കോട്ടയം ഡി.സി.സി ഓഫീസില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത യോഗത്തിലെ തീരുമാനം. കൃത്യമായി വിശ്വാസത്തെ ദുരുപയോഗം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്. എറണാകുളത്ത് ഡി.സി.സി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ അതില്‍ പങ്കെടുത്തയാളുകള്‍ കൈയടിക്കുന്നതാണ് കണ്ടത്. അനുശോചനയോഗത്തില്‍ കൈയടിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല. ഓരോ മരണത്തെയും കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്. അതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞ് മുന്നോട്ടുപോകണം. വിശ്വാസത്തെയും മതത്തെയും കൂട്ടിക്കലര്‍ത്തുന്ന ബിജെപിയെ അനുകരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ നിരാകരിക്കും’-അനിൽകുമാർ പറഞ്ഞു.

എറണാകുളം ഡി.സി.സിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശം സതീശന്‍ നടത്തിയത്. മതമേലധ്യക്ഷരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയിലെ പരാമര്‍ശം വാർത്തയും ചർച്ചയുമായി. പുതുപ്പള്ളി പള്ളിയിൽ ദിവസവും നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സതീശന്റെ അഭിപ്രായപ്രകടനം.

വി.ഡി.സതീശനെതിരായ കെ.അനിൽകുമാറിന്റെ ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണരൂപം താഴെ

എറണാകുളം ഡിസിസിയുടെ അനുശോചന യോഗത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവായ അങ്ങുതന്നെയാണു വിശുദ്ധപദവിയുടെ ചർച്ചയ്ക്കു തുടക്കമിട്ടത്. എന്നു മുതലാണു താങ്കൾക്ക് ഉമ്മൻ ചാണ്ടി വിശുദ്ധനായത്. 2016ൽ യുഡിഎഫ് തോറ്റു. അന്നേവരെ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ മാറ്റി പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ അവരോധിച്ചപ്പോൾ താങ്കൾക്ക് ഉമ്മൻ ചാണ്ടി വിശുദ്ധനായിരുന്നോ. അതിനു ശേഷം മരിക്കുന്നതുവരെ സാധാരണ എംഎൽഎ മാത്രമായി ഉമ്മൻ ചാണ്ടിയെ പരിമിതപ്പെടുത്തിയതിൽ താങ്കൾ കേരളത്തോട് മാപ്പു പറയുന്നുണ്ടോ? അതിനു ശേഷം ജസ്റ്റിസ് ശിവരാജൻ സോളർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതു പുറത്തു വന്ന ദിവസം താങ്കളുടെ പ്രതികരണം കേട്ടു. ഉമ്മൻ ചാണ്ടി വിശുദ്ധനെന്നു താങ്കൾ പറഞ്ഞില്ല. താങ്കൾ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസ് ആയിരുന്നോ അന്ന്?

തീർന്നില്ല, 2021ൽ കോൺഗ്രസും യുഡിഎഫും നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. വീണ്ടും പ്രതിപക്ഷ നേതൃപദവി. പുണ്യാളൻ നമ്മെ നയിക്കും എന്നു താങ്കൾ പറഞ്ഞില്ല. പുണ്യാളനെയും ചെന്നിത്തലയെയും ഒരുമിച്ച് വെട്ടിവീഴ്ത്തി താങ്കൾ പ്രതിപക്ഷ നേതൃസ്ഥാനം നേടി. നന്ന്. മരണം വരെ ഉമ്മൻ ചാണ്ടിയെ നിങ്ങൾ തഴഞ്ഞില്ലേ. കെ.സുധാകരന്റെ കൂടെ കൂടി മുൻ തലമുറയിലെ നേതാക്കളെ അവഗണിക്കുന്നതിനെതിരെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാൻഡിന്റെ മുന്നിലേക്ക് പോയപ്പോഴും നിങ്ങൾക്ക് പുണ്യാളബോധം ഉണ്ടായില്ല. അവസാനം എ ഗ്രൂപ്പുകാർ ഡൽഹിക്കു പോകാൻ വീണ്ടും തീരുമാനിച്ചപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഇപ്പോൾ തിരഞ്ഞെടുപ്പായി. സൂത്രത്തിൽ ജയിക്കണം. അതിനായി ഒരു കെട്ടുകഥ: മിത്തുകളുടെ നിർമിതി. സവർക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്താൻ മടിയില്ലാത്ത താങ്കൾക്ക് വിശ്വാസികളെ എങ്ങനെ ചൂഷണം ചെയ്യണമെന്നറിയാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.