മുല്ല ഊരിലെ കുളം കുഴി: പാഴാക്കിയ 4.65 ലക്ഷം പഞ്ചായത്ത് ഭരണ സമിതി, ഉദ്യോഗസ്ഥൻ എന്നിവരിൽനിന്ന് തിരിച്ച് പിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : ഇടുക്കിയിലെ മുല്ല ആദിവാസി ഊരിലെ കുളം കുഴിയിൽ പാഴാക്കിയ 4,65,000 രൂപ ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിൽനിന്നും അസി. എൻജിനീയറിൽനിന്നും തിരിച്ചുപിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ ഊരിനാണ് 2013-14 ലെ കോർപ്പസ് ഫണ്ടിൽനിന്ന് കുടിവെള്ള പദ്ധതിക്കായി കുളം കുഴിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകിയത്. എന്നാൽ കുളം നിർമാണം എന്ന പദ്ധതിയിലെ ഭരണാനുമതിക്ക് വിരുദ്ധമായി നിലവിലുണ്ടായിരുന്ന ഉപയോഗ ശൂന്യമായ കളത്തിന്റെ നവീകരണ പ്രവർത്തനങ്ങളാണ് നിർവഹിച്ചത്.

ഫീൽഡ് തല പരിശോധനയിൽ പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് പോലും പ്രയോജനം ലഭിക്കുന്നില്ല. ഈ പദ്ധതിക്കായി ചെലവഴിച്ച 4.65 രൂപ പാഴായി. ഭരണാനുമതിക്ക് വിരുദ്ധമായി പദ്ധതി നിർവഹിക്കുന്നതിന് അനുമതി നൽകിയ ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും പ്രവൃത്തിയുടെ നിർവഹണ ഉദ്യോഗസ്ഥനായ അസി. എൻജിനീയർ പി. ആദർശിന്റെയും ബാധ്യതയായി ഈ തുക നിശ്ചയിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ഈ തുക ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശം പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർക്ക് നൽകണം.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2009 മെയ് 30 ലെ ഉത്തരവുപ്രകാരം പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ ഗുണഭോക്തൃ സമിതിക്ക് കൈമാറേണ്ടതും ഗുണഭോക്തൃ സമിതിയുമായി കരാറിൽ ഏർപ്പെടേണ്ടതുമാണ്. എന്നാൽ കോർപസ് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവർത്തനം നടത്തിയ കുടിവെള്ള പദ്ധതിയുടെ തുടർ നടത്തിപ്പ് ഗുണഭോക്തൃ സമിതിക്ക് രേഖാമൂലം കൈമാറിയിട്ടില്ല.

മുല്ല ആദിവാസി ഊരിലെ കുളം നിർമാണത്തിന് 2013 ഒക്ടോബർ ഒമ്പതിനാണ് ജില്ലാതല വർക്കിങ് ഗ്രൂപ്പ് അനുമതി നൽകിയത്. ഉപ്പുതറ ഗ്രാമപഞ്ചായത്തിന്‍റെ 2016 -17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘മുല്ല ആദിവാസി കോളനി കടിവെള്ള പദ്ധതി’ എന്ന പേരിൽ ഈ പദ്ധതി നടപ്പിലാക്കുകയും 4.65 ലക്ഷം രൂപ ചെലവഴിക്കുകയുമുണ്ടായി. ഫീൽഡ് തല പരിശോധനയിൽ ഉപയോഗ ശൂന്യമായ ജല സംഭരണിയിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അതിനാൽ ഈ ഇനത്തിൽ ചെലവഴിച്ച 4,65,000 രൂപ ഉപയോഗ ശൂന്യമായ നിലയിലാണ്.

Tags:    
News Summary - Pool Pit in Mulla ur: report to recover 4.65 lakhs wasted from panchayat management committee and officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.