കോന്നി: വകയാർ ആസ്ഥാനമായ പോപുലർ ഫിനാൻസ് ഉടമകൾ 1000 കോടി പല ഇടപാടുകളിലൂടെ ദുബൈവഴി ആസ്ട്രേലിയയിലേക്ക് കടത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തി. പോപുലർ ഉടമ തോമസ് ദാനിയലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയിലാണ് ഇ.ഡി റിപ്പോർട്ട് നൽകിയത്. മൂവായിരത്തോളം നിക്ഷേപകരുടെ പണമാണ് ഇതെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ഇക്കാലയളവിൽ പോപുലർ ഗ്രൂപ് ഉടമകൾ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും വിറ്റ കെട്ടിടം, ഭൂമി എന്നിവയിൽനിന്ന് കോടികൾ ലാഭം ഉണ്ടാക്കിയതായും ഇ.ഡി പറയുന്നു. കോന്നിയിലെ 15 സെന്റ് സ്ഥലം ഒരു കോടി 90 ലക്ഷത്തിനാണ് വിറ്റത്. ദുബൈയിലുള്ള കമ്പനിയിൽ പോപുലർ ഉടമകൾക്ക് വൺ മില്യൻ ദിർഹത്തിന്റെ ഓഹരിയുണ്ട്. ബംഗളൂരു, തഞ്ചാവൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ ബഹുനില കെട്ടിടം ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ വയലും ഉണ്ടായിരുന്നു. അബൂദബിവഴി ആസ്ട്രേലിയയിലേക്കുള്ള ഇടപാടുവഴി 1000 കോടി കടത്തി. ഇത് ഹവാല ഇടപാട് ആണെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
1965 മുതൽ തുടങ്ങിയ പോപുലർ ഫിനാസിന് കോന്നി വകയാറിലെ ആസ്ഥാന ഓഫിസ് കൂടാതെ ഇന്ത്യയിൽ എമ്പാടും 270 ബ്രാഞ്ച് പ്രവർത്തിച്ചിരുന്നു. സ്വർണപ്പണയ ഇടപാടുമുണ്ടായിരുന്നു.
വിവിധ ഷെയർ കമ്പനിയുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചത്. ഷെയർ കമ്പനികൾക്കു ഭാവനയിലുള്ള പേരുകളാണ് ഇട്ടത്. വകയാര്‍ ലാബിന്റെ പേരിൽ പോലും നിക്ഷേപം സ്വീകരിച്ച് സർട്ടിഫിക്കറ്റുകൾ കൊടുത്തു. കേസ് ഇപ്പോൾ സി.ബി.ഐ അന്വേഷിച്ചു വരുകയാണ്. വിദേശ ഹവാല ഇടപാടുകളും സി.ബി.ഐ അന്വേഷണ പരിധിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.