കൊച്ചി: പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ എം.ഡി അടക്കം കമ്പനി ഡയറക്ടർമാർക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. മാനേജിങ് ഡയറക്ടർ തോമസ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവർക്കാണ് ജസ്റ്റിസ് പി. സോമരാജൻ സ്വാഭാവിക ജാമ്യം അനുവദിച്ചത്.
26 ലക്ഷം രൂപയുടെ നിക്ഷേപം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് ആനിയമ്മ കോശിയും ഭർത്താവും നൽകിയ കേസിലാണ് ജാമ്യം. പ്രതികൾ ഒാരോരുത്തരും അഞ്ചു ലക്ഷത്തിെൻറ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവും നൽകണമെന്നാണ് മുഖ്യ വ്യവസ്ഥ.
ഏഴു വർഷംകൊണ്ട് നിക്ഷേപം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും തിരിച്ച് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നുമായിരുന്നു പരാതി. എന്നാൽ, കഴിഞ്ഞ ഏപ്രിൽവരെ പരാതിക്കാരിക്ക് പലിശ നൽകിയിരുന്നെന്നും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ബിസിനസ് തകർന്നതിനാലാണ് പണം നൽകാൻ കഴിയാതെ വന്നതെന്നും ജാമ്യ ഹരജിയിൽ പറഞ്ഞു.
ഇൗ കേസിൽ ആഗസ്റ്റ് 29നാണ് ഇവർ അറസ്റ്റിലായത്. പ്രതികൾ നേരേത്ത ഹൈകോടതിയെ സമീപിച്ചപ്പോൾ സ്വാഭാവിക ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. ആലപ്പുഴ സെഷൻസ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് വീണ്ടും ഹൈകോടതിയിലെത്തിയത്. മറ്റ് കേസുകളിലും പ്രതിയായതിനാൽ ഈ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഇവർക്ക് പുറത്തിറങ്ങാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.