പോപ്പുലര്‍ ഫ്രണ്ട് റെസ്‌ക്യു ആൻഡ് റീലിഫ് ടീമിന് പരിശീലനം നല്‍കിയ അഗ്‌നിശമന സേനക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണം വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യു ആൻഡ് റീലിഫ് ടീമിന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് എന്തോ വലിയ അപരാധമായാണ് ബി.ജെ.പി കാണുന്നത്.
ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് കേരളത്തിനറിയാം. വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ബി.ജെ.പി നാടിന്റെ പുരോഗതിക്ക് വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത്. നിരന്തരമായി പ്രകൃതിക്ഷോഭവും പ്രളയവും മണ്ണിടിച്ചിലും നേരിടുന്ന കേരളത്തില്‍ രക്ഷാദൗത്യത്തിനായി മത-രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ മുന്നോട്ടുവന്ന് ജനങ്ങളെ സാന്ത്വനിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ പോലും പരാജയപ്പെട്ട ഇടങ്ങളില്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ പോപ്പുലര്‍ ഫ്രണ്ട് മുന്നിട്ടിറങ്ങുന്നത് സഹജീവികളോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
കേരളത്തെ കണ്ണീരിലാഴ്ത്തിയ 2018 ആഗസ്തിലെ മഹാപ്രളയഘട്ടത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചെത്തിയ പ്രളയങ്ങളിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും രക്ഷാദൗത്യം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനമാണ് പോപ്പുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ കാഴ്ചവച്ചത്. പ്രളയവും ഉരുള്‍പൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തുനടപ്പിലാക്കി വരികയാണ്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഭവന പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കി.
മാരക വൈറസായ നിപ കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മരണാനന്തര കര്‍മം ചെയ്യുന്നതുള്‍പ്പടെയുള്ള സേവനത്തിന് മുന്നിട്ടിറങ്ങിയതും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായും സംഘടനാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ദുരന്തനിവാരണവുമായി പരിശീലനം നല്‍കേണ്ട വിഭാഗമാണ് പൊലിസ് സേനയും ഫയര്‍ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥരും. ആ സേവനമാണ് പോപ്പുലര്‍ ഫ്രണ്ടും ഉപയോഗിച്ചത്. രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വക്താക്കള്‍ക്ക് ഇത്തരം സേവനം ഉപയോഗിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അതിനെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളികളയുന്നു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ബി.ജെ.പിയും സംഘപരിവാരവുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍, സെക്രട്ടറി എസ്. നിസാര്‍, സോണല്‍ പ്രസിഡന്റ് എസ്. നവാസ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.