കോഴിക്കോട്: സ്വാതന്ത്ര്യം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചവരോട് നന്ദിയും കടപ്പാടുമുണ്ടെന്നും ഹാദിയ. സേലത്തെ കോളജിൽനിന്ന് മൂന്നുദിവസത്തെ അവധി വാങ്ങി ഭർത്താവ് ശഫിൻ ജഹാനൊപ്പം കോഴിക്കോട്ടെത്തിയ ഹാദിയ പോപുലർ ഫ്രണ്ട് ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. 25 വയസ്സിന് മുകളിലുള്ള അഭ്യസ്ഥവിദ്യര്ക്കുപോലും സ്വതന്ത്രമായി വിശ്വാസം തിരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. തെൻറ ഭരണഘടനാവകാശം സംരക്ഷിക്കാൻ സുപ്രീംകോടതി വരെ പോകേണ്ടി വന്നു.
ഇസ്ലാം സ്വീകരിക്കാൻ തയാറായി വന്നപ്പോൾ മുസ്ലിം സംഘടനകൾ ആദ്യം സഹായിക്കാൻ തയാറായില്ലെന്ന് ഹാദിയ പറഞ്ഞു. ഏതൊക്കെ സംഘടനകളെയാണ് സമീപിച്ചതെന്ന ചോദ്യത്തിന് ‘അവരുടെ പേരുവിവരം ഇപ്പോൾ പറയാനാഗ്രഹിക്കുന്നില്ല; ആരെയൊക്കെയാണ് സമീപിച്ചതെന്ന് എല്ലാവർക്കും അറിയാമല്ലോ’ എന്നായിരുന്നു പ്രതികരണം. ‘‘സഹായിക്കാൻ തയാറായില്ലെന്നുമാത്രമല്ല, സഹായിച്ചവരെ കുറ്റപ്പെടുത്തുകയും ചെയ്തു. അപ്പോഴെല്ലാം തനിക്കൊപ്പം ഉറച്ചുനിന്നത് പോപുലർ ഫ്രണ്ടാണ്. പിന്നീട് പലരും സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും അവർക്കെല്ലാം പരിമിതികളുണ്ടായിരുന്നു’’-ഹാദിയ ചൂണ്ടിക്കാട്ടി.
ആദ്യം തർബിയത്തുൽ ഇസ്ലാം സഭയെയും പിന്നീട് ജമാഅത്തെ ഇസ്ലാമിയെയുമല്ലേ സമീപിച്ചതെന്ന മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന്, ആദ്യം സമീപിച്ചത് ജമാഅത്തെ ഇസ്ലാമിയെയും പിന്നീട് തർബിയത്തിനെയുമാണെന്നായിരുന്നു മറുപടി. അവർ സഹായിക്കാതിരുന്നതിനെക്കുറിച്ച് അടുത്ത വാർത്തസമ്മേളനത്തിൽ വിശദീകരിക്കാമെന്ന് ഹാദിയ വ്യക്തമാക്കി.
നിയമ പോരാട്ടത്തിന് സഹായിച്ചതിന് പോപുലർ ഫ്രണ്ടിനോടുള്ള നന്ദി അറിയിക്കാനാണ് ഇവിടെെയത്തിയതെന്നും ഹാദിയ കൂട്ടിച്ചേർത്തു. പോപുലർ ഫ്രണ്ട് നേതാക്കളായ ഇ. അബൂബക്കർ, പ്രഫ. പി. കോയ, നസറുദ്ദീൻ എളമരം, സി.പി. മുഹമ്മദ് ബഷീർ, എ.എസ്. സൈനബ തുടങ്ങിയവർ ഓഫിസിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.