മുണ്ടൂർ: ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പൊരിയാനിയിൽ ടോൾ ബൂത്ത് നിർമാണം തൽക്കാലം നിർത്തിവെച്ചെങ്കിലും ജനങ്ങളുടെ ആശങ്ക മാറിയില്ല. ടോൾ ബൂത്ത് നിർമാണവും പിരിവും സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നയം വ്യക്തമാക്കാത്തതാണ് ജനങ്ങളുടെ ആശങ്കക്ക് കാരണം. നാട്ടുകൽ - താണാവ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പൊരിയാനിയിലും പന്നിയംപാടത്തുമാണ് ടോൾ ബൂത്തുകൾ സ്ഥാപിക്കുന്നത്.
നിലവിൽ ബൂത്ത് നിർമിക്കുന്ന രീതി അശാസ്ത്രീയവും ജനങ്ങളെ കൊള്ളയടിക്കാൻ വഴിയൊരുക്കുന്നതുമാണെന്ന് തദ്ദേശവാസികൾ ആരോപിക്കുന്നു. സാധാരണ ഗതിയിൽ ടോൾ ബൂത്ത് നിർമിക്കാൻ പാലിക്കുന്ന പ്രധാന മാനദണ്ഡങ്ങൾ ഇവിടെ പാലിക്കുന്നില്ല. ദേശീയപാതയുടെ നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളും ഗുണനിലവാരവുമില്ല. ദേശീയപാതയിൽ അപകട ജങ്ഷനുകളുടെ അപാകത അവശേഷിക്കുന്നു എന്നീ ആരോപണങ്ങളാണ് ടോൾ പിരിവ് ഏർപ്പെടുത്തുന്നതിനെതിരെ ജനകീയ സമിതി ഉന്നയിക്കുന്നത്.
താണാവ് മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്റർ ദൂരം ദേശീയപാത നവീകരിക്കാൻ 289 കോടി രൂപയാണ് കേന്ദ്ര ഉപരിതല മന്ത്രാലയം അനുവദിച്ചത്. റോഡ് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്തത് നഷ്ടപരിഹാരം നൽകിയാണ്. 100 കോടി രൂപയിലധികമുള്ള പദ്ധതികൾക്ക് ടോൾ പിരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ദേശീയ പാതയിലും ടോൾ ബൂത്ത് സ്ഥാപിക്കാൻ സൗകര്യമൊരുക്കുന്നതെന്ന് പാത നവീകരണ ചുമതല ഏറ്റെടുത്ത കരാറുകാർ പറയുന്നു.
വിശദ രൂപരേഖ പ്രകാരമാണ് ടോൾ ബൂത്തിന് പശ്ചാത്തലമൊരുക്കി നിർമാണ പ്രവൃത്തിക്ക് തുടക്കമിട്ടതെന്നും അവർ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ടോൾ ബൂത്ത്, ടോൾ പിരിവ് എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.ടോൾ പിരിവ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി കേന്ദ്ര ഉപരിതല മന്ത്രാലയം ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാറുണ്ട്. പൊരിയാനിയിൽ ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. ടോൾ ബൂത്തിനെതിരെ നിലപാടിലുറച്ച് നിൽക്കുന്നതായും സമരം ശക്തമാക്കുമെന്നും ജനകീയ സമിതി പ്രതിനിധി കെ.സി. സുരേഷ് പറഞ്ഞു.
മുണ്ടൂർ: പൊരിയാനിയിൽ അന്തിമ തീരുമാനം വരുന്നത് വരെ ടോൾ ബൂത്ത് നിർമാണം നിർത്തിവെക്കാൻ ധാരണ. ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ശനിയാഴ്ച ഉച്ചക്ക് സ്ഥലം സന്ദർശിച്ചശേഷം നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. എ. പ്രഭാകരൻ എം.എൽ.എയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമാണ് സ്ഥലം സന്ദർശിച്ചത്.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ടോൾ ബൂത്തിന്റെയും അതുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെയും പണി നിർത്തിവെക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പ്രശ്നത്തെക്കുറിച്ച് സംസ്ഥാന - കേന്ദ്ര സർക്കാറുമായി വിശദ ചർച്ച നടത്തും. ഈ ഭാഗത്തെ റോഡ് നവീകരണം വേഗത്തിലാക്കാനും ധാരണയായി. സി.പി.എം ഏരിയ സെക്രട്ടറി സി.ആർ. സജീവ്, ലോക്കൽ സെക്രട്ടറി ഒ.സി. ശിവൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സുൽഫിക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.