തിരുവനന്തപുരം: ജാമ്യമില്ലാ കുറ്റങ്ങളിലുൾപ്പെടെ പ്രതികളായ ബി.ജെ.പി നേതാക്കളെ രക്ഷിക്കാൻ ആരിഫ് മുഹമ്മദ്ഖാൻ ഗവർണർ പദവി ദുരുപയോഗം ചെയ്‌തതായി വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുൾപ്പെടെ പ്രതികളായ കേസുകളിൽ അനുകൂല ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്താണ് പുറത്തുവന്നത്.
2021 ജൂൺ പത്തിനാണ് കത്ത് കൈമാറിയത്. കൊടകര കുഴൽപണ കേസുകളിലുൾപ്പെടെ ബി.ജെ.പി നേതാക്കളെ സർക്കാർ വേട്ടായാടുന്നെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്.
ബി.ജെ.പി നേതാക്കളിൽനിന്ന് നിവേദനം വാങ്ങി അതിൽ അനുഭാവ തീരുമാനത്തിന് സർക്കാറിനോട് ആവശ്യപ്പെടുകയാണ് ഗവർണർ ചെയ്തതെന്നാണ് ആക്ഷേപം. നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലും കൊടകരയിൽ കുഴൽപണ കവർച്ചാ കേസിലുമാണ് ഗവർണർ ഉചിത നടപടി ആവശ്യപ്പെട്ടത്.
തട്ടിക്കൊണ്ടുപോകൽ കേസിൽ കെ. സുരേന്ദ്രനാണ് ഒന്നാംപ്രതി. ബി.ജെ.പിക്കായി കൊണ്ടുവന്ന കുഴൽപണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നാണ് പറയുന്നത്. സംഭവത്തിൽ ബി.ജെ.പിയുടെ ഉന്നത നേതാക്കളുടെ പങ്കും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്തിലാണ് നിവേദനത്തിലെ ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുക്കണമെന്ന അസാധാരണ ആവശ്യം ഗവർണർ ഉന്നയിച്ചത്. തങ്ങളെ താറടിക്കാനും ദ്രോഹിക്കാനും സർക്കാർ ശ്രമിക്കുന്നതായി ബി.ജെ.പി നേതാക്കൾ പരാതിപ്പെടുന്നതായും കത്തിലുണ്ട്.
ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജേശഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ ഒപ്പിട്ട നിവേദനവും കത്തിനൊപ്പം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.