അഡ്വ. ഫാത്തിമ തഹ്​ലിയക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

കോഴിക്കോട്: സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് അടക്കമുള്ള എം.എസ്​.എഫ്​ നേതാക്കൾക്കെതിരായ ഹരിത നേതാക്കളുടെ പരാതി മുൻനിർത്തി വാർത്താസമ്മേളനം നടത്തിയ ദേശീയ വൈസ്​ പ്രസിഡന്‍റ്​ അഡ്വ. ഫാത്തിമ തഹ്​ലിയക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ലീഗിലെ ഒരു വിഭാഗം നേതാക്കളാണ് തഹ്​ലിയക്കെതിരെ അച്ചടക്ക നടപടി ആവശ്യവുമായി സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. അച്ചടക്ക നടപടി സംബന്ധിച്ച് വരും ദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

ഒരു വിവാദം നിലനിൽക്കെ വാർത്താസമ്മേളനം നടത്തിയ തഹ്​ലിയയുടെ നടപടി വിഷയം കൂടുതൽ ആളികത്തിക്കാൻ ഇടയാക്കിയെന്നാണ് ആക്ഷേപം. എന്നാൽ, ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കുമ്പോൾ തന്നെ ആരോപണവിധേയനായ നവാസിനോട് വിശദീകരണം മാത്രം ചോദിച്ച നടപടിയിൽ ലീഗിനുള്ളിൽ വിമർശനം ഉയരുന്നുണ്ട്. ഹരിതയെ മരിവിപ്പിച്ച നടപടിയെ ചോദ്യം ചെയ്യുമ്പോൾ തന്നെ പാർട്ടിയിൽ വിശ്വാസം അർപ്പിച്ചു കൊണ്ടാണ് ഫാത്തിമ തഹ്​ലിയ വാർത്താസമ്മേളനം നടത്തിയതെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

വനിതാ കമീഷന് പരാതി നൽകിയ ഹരിത സംസ്ഥാന നേതാക്കളെ സമൂഹ മാധ്യമങ്ങൾ വഴി ആക്ഷേപിക്കുന്നത് വ്യാപകമായെങ്കിലും നേതാക്കൾ പരസ്യ പ്രതികരണത്തിന് തയാറാകാത്തത് ഫാത്തിമ തഹ്​ലിയയുടെ ഇടപെടൽ കാരണമാണെന്നും നേതാക്കൾ പറയുന്നു.

ലൈംഗികമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വനിതാ കമീഷന് ഹരിത സംസ്ഥാന നേതാക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയെ മുസ് ലിം ലീഗ് മരവിപ്പിച്ചത്. ഇതിന് പിന്നാലെ പരാതി നൽകിയവർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങൾ വ്യാപിച്ച സാഹചര്യത്തിലാണ് ഹരിത സംസ്ഥാന നേതാക്കളുടെ വക്താവ് എന്ന നിലയിൽ നിലപാട് തുറന്നു പറഞ്ഞ് ഫാത്തിമ തഹ്​ലിയ വാർത്താസമ്മേളനം നടത്തിയത്.

എം.എസ്​.എഫ്​ ഭാരവാഹികൾക്കെതിരായ പരാതിയിൽ 'ഹരിത'ക്ക്​ മുസ്​ലിം ലീഗിൽനിന്ന്​ നീതി ലഭിച്ചില്ലെന്ന്​ ഫാത്തിമ തഹ്​ലിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. വനിത കമീഷനിൽ പരാതി നൽകിയവരെ ചേർത്തുപിടിക്കുമെന്നും പെൺകുട്ടികളെ മക്കളും സഹോദരങ്ങളുമായി കാണുന്നവരുടെ​െയല്ലാം പിന്തുണ അവർ അർഹിക്കു​ന്നുണ്ടെന്നും തഹ്​ലിയ ചൂണ്ടിക്കാട്ടിയിരുന്നു.

ലൈംഗികാധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന്​ മുമ്പ്​ അവരോട്​ വിശദീകരണം ചോദിക്കൽ സ്വാഭാവിക നീതിയാണ്​. എന്നാൽ, ആ നീതി ഹരിത കമ്മിറ്റിക്കെതിരെ നടപടിയെടുത്തപ്പോൾ പാലിക്കപ്പെടാത്തതിൽ ദുഃഖവും പ്രതിഷേധവു​മുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഹരിത മുസ്​ലിം ലീഗിന്​ നേ​ട്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. ഹരിത ഭാരവാഹികൾ ഇതുവരെ പൊതുജന മധ്യത്തിൽ ഒരുകാര്യവും പറഞ്ഞിട്ടില്ല. പാർട്ടി വേദികളിലും നേതാക്കളോടും പരാതിപ്പെട്ടിട്ട്​ പരിഹാരം വൈകിയതിനാലാണ്​ അവർ വനിത കമീഷനെ സമീപിച്ചത്​. ഇത്​ അച്ചടക്ക ലംഘനമല്ല. കുറ്റകൃത്യം നടന്നാൽ നിയമ നടപടി സ്വീകരിക്കൽ മൗലികാവകാശമാണ്​.

ലീഗിലെ മുഴുവൻ നേതാക്കൾക്കും രേഖാമൂലവും അല്ലാതെയും വീട്ടിലും ഓഫിസിലുമെത്തി പരാതി പറഞ്ഞിട്ടും നടപടി താമസിപ്പിച്ചത്​ മാനഹാനി സംഭവിച്ചവർക്ക്​ വേദനയുണ്ടാക്കിയിട്ടുണ്ട്​. സഹിക്കാവുന്നതിനപ്പുറവും സഹിക്കേണ്ടി വന്നതിനാലാണ്​ വനിത കമീഷനെ സമീപിച്ചതെന്നും ഫാത്തിമ തഹ്​ലിയ വിശദീകരിച്ചിരുന്നു.

Tags:    
News Summary - Possibility of disciplinary action against MSF Leader Adv Fathima Thahiliya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.