ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടെന്നാരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ആലപ്പുഴ എം.എൽ.എയും സി.പി.എം നേതാവുമായ പി.പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ പരാതിയുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
പരാതിക്കാരന്റെ മൊഴിയെടുക്കാനായി കേസ് മാർച്ച് മൂന്നിലേക്ക് മാറ്റി. ജനുവരി 30ന് ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരെയാണ് പരാതി. രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമീഷനുകളും തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചത് സമൂഹത്തിൽ വേർതിരിവുണ്ടാക്കാനും മതസ്പർധ വളർത്താനുമുള്ള ദുരുദ്ദേശ്യത്തോടെയാണെന്നും പരാതിയിൽ പറയുന്നു.
ആരോപണം ആർ.എസ്.എസിനും സംഘ്പരിവാർ സംഘടനകൾക്കുമെതിരെ സമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്നും ക്രിമിനൽ നടപടിക്രമം 190 A, 199 വകുപ്പുകൾ അനുസരിച്ച് മാനനഷ്ടക്കേസ് എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.