തൃശൂർ: കേസുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും മരണാനന്തര അവയവദാന രജിസ്ട്രേഷനെ പ്രതികൂലമായി ബാധിക്കുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ മരണാനന്തര അവയവദാനം കുറഞ്ഞു. 2016ൽ 72 അവയവദാനം നടത്തിയിരുന്നിടത്തുനിന്ന് പിന്നീട് ഓരോ വർഷവും കുറഞ്ഞുവരുകയാണ്. കഴിഞ്ഞ വർഷം 14 മരണാനന്തര അവയവദാനം മാത്രമാണ് നടന്നത്. ഈ വർഷം മേയ് വരെ 11 ആണ് സംഖ്യ.
2012ലാണ് സംസ്ഥാന സർക്കാർ അവയവദാനം സുഗമമാക്കാൻ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചത്. ബോധവത്കരണവും മറ്റുമായി ഓരോ വർഷവും അവയവദാന കണക്ക് ഉയർന്നിരുന്നു. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരിൽ കൂടുതലും വൃക്കരോഗികളാണ് - 2309 പേർ. കരളിനായി 805 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മസ്തിഷ്ക മരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേസുകളും ആരോപണങ്ങളും വന്നതോടെ സാക്ഷ്യപ്പെടുത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്കും വിമുഖതയാണ്. മസ്തിഷ്ക മരണങ്ങള് സാക്ഷ്യപ്പെടുത്താത്തതിനാല്‍ അവയവങ്ങള്‍ കിട്ടാനുള്ള സാധ്യതയടഞ്ഞു.
അവയവ ആവശ്യവുമായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന 80 മുതൽ 100 പേർ വരെ വർഷവും മരണത്തിന് കീഴടങ്ങുന്നുണ്ട്. മസ്തിഷ്കമരണം സ്ഥിരീകരിക്കണമെങ്കില്‍ നാല് ഡോക്ടര്‍മാര്‍ പരിശോധിക്കണം. അതില്‍ ഒരാൾ സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നാണ് വ്യവസ്ഥ. അവയവമാറ്റ പ്രക്രിയ വിഡിയോയില്‍ പകര്‍ത്തുകയും വേണം. സര്‍ക്കാര്‍ ഡോക്ടര്‍മാരെ സമയത്ത് ലഭിക്കാത്തതിനാല്‍ യഥാസമയം മസ്തിഷ്കമരണം റിപ്പോര്‍ട്ട് ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. അതേസമയം, ജീവിച്ചിരിക്കെ ഉറ്റവർക്ക് അവയവദാനം നല്‍കിയവരുടെ എണ്ണം 1000ത്തിന് മുകളിലാണ്. കഴിഞ്ഞവർഷം നടന്ന 14 മരണാനന്തര അവയവദാനത്തില്‍ ഒരെണ്ണം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയത്. സംസ്ഥാനത്ത് 42 ആശുപത്രിയില്‍ അവയവദാന സൗകര്യമുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകൾ അവയവമാറ്റ ശസ്ത്രക്രിയക്ക് സജ്ജമാണ്. 1994ലെ ട്രാൻസ് പ്ലാന്റേഷന് ഓഫ് ഹ്യുമന്‍ ഓര്‍ഗന്‍സ് ആൻഡ് ടിഷ്യൂസ് ആക്ട് പ്രകാരമാണ് ഇന്ത്യയിൽ അവയവദാനം നടക്കുന്നത്.
സംസ്ഥാനത്തെ അവയവദാനം ഏകോപിപ്പിക്കാനും അവയവ വിന്യാസം നടത്തുന്നതും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ് പ്ലാന്റ് ഓര്‍ഗനൈസേഷനാണ് (കെസോട്ടോ). മസ്തിഷ്കമരണം സംബന്ധിച്ചും അവയവദാന നടപടിക്രമങ്ങൾ സംബന്ധിച്ചും പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം നടത്തണമെന്നും നടപടിക്രമങ്ങൾ ബാഹ്യ ഇടപെടലുകൾ ഇല്ലാത്തവിധം സുതാര്യമാക്കണമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ആവശ്യപ്പെടുന്നു.
2012 മുതല്‍ 2023 വരെ നടന്ന അവയവ കൈമാറ്റ കണക്ക്
വൃക്ക- 624
കരള്‍- 290
ഹൃദയം- 75
പാന്‍ക്രിയാസ്- 16
ചെറുകുടല്‍- അഞ്ച്
കൈകള്‍- 26 (13 ജോടി)
ശ്വാസനാളം- ഒന്ന്
മരണാനന്തര അവയവദാനം
നടത്തിയവർ
2012-ഒമ്പത്, 2013- 36, 2014- 58, 2015- 76, 2016- 72, 2017- 18, 2018 - എട്ട്, 2019- 19, 2020- 21, 2021- 17
2022- 14, 2023- 11
അവയവത്തിന്
കാത്തിരിക്കുന്നവർ
വൃക്ക- 2309
കരള്‍- 805
ഹൃദയം- 66
ശ്വാസകോശം- ആറ്
കൈകള്‍- 11
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.