പോത്തൻകോട് ഗ്രാമ പഞ്ചായത്ത് നവീകരണം: 10 ലക്ഷം നഷ്ടപ്പെടുത്തിയെന്ന് റിപ്പോർട്ട്

കോഴിക്കോട് : പോത്തൻകോട് ഗ്രാമ പഞ്ചായത്ത് കെട്ടിടം നവീകരിച്ചതിൽ 10 ലക്ഷം രൂപ നഷ്ടപ്പെടുത്തിയെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. പത്തു ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നവീകരിച്ച് ഒന്നര വർഷത്തിനുള്ളിൽത്തന്നെ വീണ്ടും പ്രവർത്തി നടത്തി പത്തുലക്ഷം രൂപയുടെ നഷ്ടം സർക്കാർ ഖജനാവിനുണ്ടാകാൻ കാരണക്കാരായ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, എഞ്ചീനീയറിങ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ എന്നിവരിൽ നിന്നും ഭരണ വകുപ്പ് വിശദീകരണം വാങ്ങി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

തദ്ദേശ സ്ഥാപനങ്ങൾ നിർമാണപ്രവർത്തികൾ നടത്തുന്ന വേളയിൽ ശരിയായ ആസൂത്രണം നടത്തണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് അതാതു കാലത്തെ സെക്രട്ടറിമാരടക്കമുള്ള നിർവഹണ ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

പോത്തൻകോട് പഞ്ചായത്തിലെ ഓഫീസ് കെട്ടിടം പണികഴിപ്പിച്ചത് 2019 ലാണ്. കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷന് ആണ് കരാർ ഏറ്റെടുത്ത് പ്രവർത്തികൾ പൂർത്തീകരിച്ചത്. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവർത്തികൾ പൂർത്തീകരിച്ച് 9,96,758 രൂപ കരാർ പ്രകാരം നൽകി. തുടർന്ന് ഓഫീസ് ക്യാബിൻ സജീകരിച്ചിരുന്നത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി ഫ്രണ്ട് ഓഫീസടക്കം സ്ഥാപിക്കുന്നതിന് 2020 ജൂലൈ 27 നി തീരുമാനിച്ചു.

പിന്നീട് ക്യാബിൻ നിർമാണമടക്കമുള്ള പ്രവർത്തികൾ പോത്തൻകോട് പഞ്ചായത്തിൽ നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. ഈ പ്രവർത്തികൾക്കുള്ള കരാർ ഏറ്റെടുത്തത് അംഗീകൃത ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. ആകെ 9,99,231 രൂപ ചെലവഴിച്ചു.

ഓഫീസ് കെട്ടിടത്തിൻ്റെ ആദ്യനിർമ്മാണത്തിൽ ശരിയായ ആസൂത്രണം നടത്തിയിരുന്നുവെങ്കിൽ ഫ്രണ്ട് ഓഫീസ് കൗണ്ടർ നിർമാണവും ഓഫീസിലെ സീറ്റുകൾ റീ അമാഞ്ച് ചെയ്യുന്നതുമായ ജോലികൾ അടക്കമുള്ള പ്രവർത്തികൾക്ക് വീണ്ടും തുക ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാകുമായിരുന്നു. സാമ്പത്തിക ഞെരുക്കത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇത്രയം രൂപ അനാവശ്യമായി ചെലവഴിച്ചത്. ഇത് സർക്കാർ ധനത്തിന്റെ ദുർവിനിയോഗമാണ്. കൃത്യമായ ആസൂത്രണത്തിന്റെ അഭാവം മൂലം ഖജനാവിനു ഏകദേശം 10 ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കുകയുണ്ടായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. 

Tags:    
News Summary - Pothankot Gram Panchayat Upgradation: Reported to have lost 10 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.