പാലക്കാട്: അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും വിൽപനകേന്ദ്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന നിയമം (പെറ്റ്ഷോപ് റൂൾ ആൻഡ് ഡോഗ് ബ്രൂഡിങ് റൂൾ) നവംബറിൽ സംസ്ഥാനത്ത് നടപ്പാക്കുമെന്ന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിൽ ആശങ്കയോടെ വിൽപനശാല ഉടമകൾ. 2016 ഡിസംബറിലെ, മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേന്ദ്രനിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ 3000ത്തോളം വളർത്തുമൃഗ -പക്ഷികളുടെ വിൽപനകേന്ദ്രങ്ങളിൽ വിരലിലെണ്ണാവുന്നവക്ക് മാത്രമേ പ്രവർത്തിക്കാനാകൂ. മാത്രമല്ല, വളർത്തുമൃഗങ്ങളുടെ വില ഇരട്ടിയിലധികമാകുകയും ചെയ്യും. നിയമം പ്രാബല്യത്തിൽ വന്നാൽ വലിയ സൂപ്പർ മാർക്കറ്റ് വലുപ്പത്തിലുള്ള കടമുറികളിലുള്ള വിൽപന മാത്രമേ അവശേഷിക്കൂവെന്നിരിക്കേ ആയിരക്കണക്ക് പേരുടെ ഉപജീവനം പ്രതിസന്ധിയിലാകും.
ഇതു സംബന്ധിച്ച കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നടപ്പാക്കിയിരുന്നില്ല. വളർത്തുനായ്ക്കൾക്ക് ലൈസൻസും പേവിഷ പ്രതിരോധ കുത്തിവെപ്പും നിർബന്ധമാക്കുന്നതിന് പുറമെ കേന്ദ്രം കൂട്ടിച്ചേർത്ത ചില നിബന്ധനകളാണ് ചെറുകിട വിൽപന കേന്ദ്രങ്ങളുടെ നിലനിൽപിന് ഭീഷണിയാകുക. പട്ടിക്കുട്ടിയെ പാർപ്പിക്കുന്ന ഇരുമ്പുകൂടിന് 24 ചതുരശ്രയടി വേണമെന്നാണ് പുതിയ നിർദേശം. മുയൽക്കൂടിന് 36 ഇഞ്ചും വേണം. ആകെ 100ഉം 150ഉം ചതുരശ്ര അടിയിൽ ഒരുക്കുന്ന ഭൂരിഭാഗം വിൽപനശാലകൾക്ക് മരണമണിയാകും ഈ നിബന്ധനകൾ.
നിശ്ചിത ഇടവേളകളിൽ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി കടയുടമക്ക് സാക്ഷ്യപത്രം നൽകണം. മൃഗസംരക്ഷണ വകുപ്പിന് പുറമെ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) എന്ന സംഘടനക്കും വിൽപനശാലകളിൽ പരിശോധന നടത്താൻ അധികാരം നൽകിയിട്ടുണ്ട്. രണ്ടു മാസത്തിൽ കൂടുതൽ വളർത്തുമൃഗങ്ങൾ കടകളിൽ ചെലവാകാതെ ഇരുന്നാൽ മൃഗ -പക്ഷി പരിപാലന കേന്ദ്രങ്ങളിലേക്ക് സൗജന്യമായി വളർത്താൻ നൽകണം. വിൽപനകേന്ദ്രത്തിൽ 24 മണിക്കൂറും പക്ഷിമൃഗാദികളെ പരിപാലിക്കാൻ ജീവനക്കാർ വേണം. കടയുടമ തങ്ങൾ വാങ്ങിയ ഫാമുകളുടെയോ ഉൽപാദന കേന്ദ്രങ്ങളുടെയോ ഫോൺനമ്പർ മൃഗങ്ങളെ ഏറ്റുവാങ്ങുന്നവർക്ക് കൈമാറണം തുടങ്ങിയ നിർദേശങ്ങൾ നിയമത്തിലുണ്ട്. ഇതോടെ കച്ചവടം നഷ്ടമാകുമെന്നാണ് വിൽപനക്കാരുടെ ആശങ്ക.
പക്ഷി-മൃഗാദികളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തി നൽകുന്നവർക്ക് ഇനി മുതൽ ലൈസൻസ് വേണ്ടിവരും. 5000 രൂപയാണ് ലൈസൻസ് ഫീസ്. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ കേരളത്തിലെ നിലവിലെ വളർത്തുമൃഗ വിൽപനകേന്ദ്രങ്ങൾ കാര്യമായി ഒന്നും ശേഷിക്കില്ലെന്ന് അക്വാറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കണ്ണൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യാപാര കേന്ദ്രങ്ങൾക്ക് ദോഷകരമായ കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം സമർപ്പിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളോട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.