തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികൾക്ക് കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിന് (വി.ജി.എഫ്) ശ്രമം ഊർജിതമാക്കി കെ.എസ്.ഇ.ബി. കേന്ദ്ര ഊർജമന്ത്രാലയത്തിന് സമർപ്പിച്ച നിവേദനത്തിൽ ഇതുസംബന്ധിച്ച ആവശ്യമുന്നയിച്ചിരുന്നു. പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്), ജലവൈദ്യുതി പദ്ധതികൾ തുടങ്ങിയവക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം.
ഊർജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഞായറാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കേന്ദ്ര ഊർജ നഗരകാര്യ മന്ത്രി കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ പദ്ധതികളുടെ വിശദാംശങ്ങൾ തയാറാക്കി വി.ജി.എഫിനുള്ള സാധ്യത കഴിയുന്നത്ര ഉപയോഗപ്പെടുത്താനാണ് നീക്കം.
തോറിയം അധിഷ്ഠിത ആണവ നിലയത്തിനുള്ള സാധ്യതകൾ പരിശോധിക്കുമ്പോൾ തന്നെ ആഭ്യന്തര വൈദ്യുതോൽപാദനത്തിൽ ജലവൈദ്യുതി പദ്ധതികൾ, കാറ്റിൽ നിന്നുള്ള വൈദ്യുതി, സോളാർ, പമ്പ്ഡ് സ്റ്റോറേജുകൾ, ബാറ്ററി എനർജി സ്റ്റോറേജ് തുടങ്ങിയവക്ക് വരും വർഷങ്ങളിൽ മുന്തിയ പരിഗണന നൽകണമെന്ന നിലപാടിലാണ് സംസ്ഥാന ഊർജവകുപ്പ്. നിലവിലെ രീതിയിൽ കരാറുകളിലേർപ്പെട്ട് വൈദ്യുതി വാങ്ങുന്നതിന് മുൻഗണന നൽകുന്ന രീതി ആരോഗ്യകരമല്ലെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാറിനുമുള്ളത്. തോറിയം അധിഷ്ഠിത ആണവ പദ്ധതിയിൽ സർക്കാർ മൗനം തുടരുന്നതും വരുംവർഷങ്ങളിലുണ്ടാകാനിടയുള്ള വൈദ്യുതി ആവശ്യകത പരിഹരിക്കാനുള്ള ഏതു സാധ്യതയും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ്.
2022ൽ ‘ബെസ്’ന് കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചുവെങ്കിലും തുടർനടപടി മുന്നോട്ടുപോയില്ല. വി.ജി.എഫിന് സാധ്യതയില്ലാത്തതായിരുന്നു പ്രധാന കാരണങ്ങളിലൊന്ന്. 40 ശതമാനം വരെ വി.ജി.എഫ് ലഭിക്കാനുള്ള അനുകൂല ഘടകം നിലവിലുണ്ടെന്നാണ് വിലയിരുത്തൽ. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് എട്ടിടങ്ങളിൽ ബെസ് സ്ഥാപിക്കാനുള്ള പദ്ധതി കെ.എസ്.ഇ.ബി രൂപം നൽകിയിട്ടുള്ളത്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിലും വി.ജി.എഫിനുള്ള സാധ്യതകൾ തയാറാക്കുന്നുണ്ട്. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ലഭ്യമാക്കുന്ന വി.ജി.എഫ് പിന്നീട് തവണകളായി തിരിച്ചടക്കണമെന്നതടക്കമുള്ള വ്യവസ്ഥകൾ മറ്റ് പദ്ധതികളിലും ഉണ്ടാവുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.