സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്നതിനാല്‍ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് ഒരുവിഭാഗവും സര്‍ക്കാറിന്റെ സാമ്പത്തിക സഹായമില്ലാതെ കോടികള്‍ സ്വരൂപിച്ച് സ്ഥാപനങ്ങള്‍ സൗകര്യപ്പെടുത്തി വിദ്യാഭ്യാസ ഉന്നതിക്കായി സഹായിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാരുടെ നിയമനാധികാരമല്ലാത്ത മുഴുവന്‍ അധികാരങ്ങളും നിലവില്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്നും മറുഭാഗവും വാദിക്കുന്നു.
കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും (കെ.ഇ.എ.ആര്‍) 1958-59 രൂപവത്കരിക്കുന്നത് മുതലുള്ള വിവാദമാണിത്. രണ്ടുപക്ഷത്തിനും അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. സ്ഥാപന മാനേജര്‍മാര്‍ അധ്യാപക-ജീവനക്കാരെ നിയമിക്കുന്നതിന് കോഴ വാങ്ങുന്നതാണ് മുഖ്യമായും പരാതിയുള്ളത്. കൂടാതെ നിയമനങ്ങളിൽ സാമൂഹികനീതി പാലിക്കുന്നില്ലെന്നതും പണമാണ് പ്രധാന ഘടകമെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചിലയിടങ്ങളില്‍ തസ്തികകൾ ലേലം വിളിക്കുന്നതായും പരാതിയുണ്ട്. വിദ്യാഭ്യാസ നിയമവും ചട്ടവും (കെ.ഇ.എ.ആര്‍) അനുസരിച്ചാണ് സ്ഥാപനങ്ങള്‍ നടക്കുന്നതെന്നും യോഗ്യരായവരെ കണ്ടെത്തി നിയമിക്കുന്നത് നിയമമനുസരിച്ചുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണെന്നും മറുവാദവുമുണ്ട്.
ആദ്യകാലങ്ങളില്‍ സാമൂഹിക ചുറ്റുപാടുകള്‍ മനസ്സിലാക്കി സേവനമായാണ് സ്വകാര്യ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിച്ചതും നന്നായി സംരക്ഷിച്ചതും. വിദ്യാഭ്യാസ പുരോഗതിയും വിമോചനവുമായിരുന്നു സ്ഥാപന നടത്തിപ്പിലെ ലക്ഷ്യം. സേവനപാതയില്‍ നിന്ന് സ്ഥാപന നടത്തിപ്പുകാര്‍ പതുക്കെ പിന്മാറ്റം തുടങ്ങി. ആരോപിക്കപ്പെടുന്നതുപോലെ ഇന്നിപ്പോള്‍ ചുരുക്കം സ്ഥാപനങ്ങളൊഴിച്ച് മറ്റെല്ലാവരും നിയമനത്തിന് അധിക യോഗ്യതക്കുപകരം അധിക പണം എന്നായി മാറി. വിദ്യാഭ്യാസ ഗുണനിലവാരത്തെ ഇത് ബാധിച്ചതായി പഠന റിപ്പോര്‍ട്ടുകളുണ്ട്.
ട്രസ്റ്റുകളും സൊസൈറ്റികളും വിവിധ മത-സാമൂഹിക-സാമുദായിക-സന്നദ്ധ സംഘടനകളും സൊസൈറ്റികളും ഒറ്റക്കും കൂട്ടായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. സ്ഥാപനത്തില്‍ സൗകര്യങ്ങളുണ്ടാക്കാന്‍ സഹായമായാണ് ആദ്യം പണം ചോദിച്ചിരുന്നത്. പിന്നീട് സംഭാവനയില്‍നിന്ന് തുക നിശ്ചയിക്കലായി.
കാലഘട്ടത്തിനനുസരിച്ച് തുകയുടെ തോത് കൂടി. ഇപ്പോള്‍ പലയിടങ്ങളിലും ലേലം വിളിയാണ്. മതത്തിന്റെയും സമുദായത്തിന്റെയും സാമൂഹിക പിന്നാക്കാവസ്ഥയുടെയും പേരില്‍ എയ്ഡഡ് സ്ഥാപനം സ്വന്തമാക്കിയിട്ട് നിയമന കാര്യത്തില്‍ സ്വസമുദായത്തിലെ യോഗ്യരായ സാമ്പത്തിക പിന്നാക്കക്കാരെപ്പോലും പരിഗണിക്കുന്നില്ലെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളും പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്കായുള്ള സംവിധാനങ്ങളും ഒരുക്കുന്നത് ഖജനാവിലെ പണമുപയോഗിച്ചാണ്. ആവശ്യത്തിന് അധ്യാപക-ജീവനക്കാരുടെ നിയമനവും നടത്തും. സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും സഹായിക്കാനുണ്ടാവും. ഹൈടെക് ആക്കുന്നതുപോലും പൊതുപണമുപയോഗിച്ചാണ്.
എയ്ഡഡ് സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യമുള്‍പ്പെടെ എല്ലാം ഒരുക്കേണ്ടത് മാനേജറുടെ ബാധ്യതയാണ്. സാമ്പത്തിക സഹായമില്ല, വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഗ്രാന്റാണ് ആകെയുള്ളത്. രാജ്യത്തെ വിദ്യാഭ്യാസ മികവില്‍ കേരളത്തെ ഒന്നാമതായി മാറ്റിയെടുക്കുന്നതില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഒറ്റക്ക് ശ്രമിച്ചാല്‍ അസാധ്യമാണിത്.
സഹായവും സംഭാവനയും സ്‌പോണ്‍സര്‍ഷിപ്പും പിരിവെടുത്തും പിടിയരി സ്വരൂപിച്ചും സാമ്പത്തിക പിന്തുണ ഉറപ്പാക്കിയാണിതെല്ലാം സാധ്യമാക്കിയതും വളര്‍ത്തി വലുതാക്കിയതും. നഗര-ഗ്രാമീണ-പ്രാദേശിക വ്യത്യാസമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും സ്ഥാപിക്കുകയും നടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല. എന്നാൽ, അധ്യാപക-അനധ്യാപക നിയമനത്തിന് ഒരുരൂപ പോലും കോഴ വാങ്ങാതെ സ് തുത്യർഹമായ സേവനം നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ ചിലത് മാതൃകയായി നമുക്കിടയിൽ ഉണ്ടെന്നിരിക്കെ ലേലം വിളിച്ച് ലക്ഷങ്ങൾ വാങ്ങുന്നവർ പറയുന്ന ന്യായവാദങ്ങൾ പലതും പൊളിഞ്ഞുപോകുന്നു.
സംസ്ഥാനത്തെ മൊത്തം റവന്യൂ വരുമാനത്തിന്റെ 33.94 ശതമാനം ശമ്പളത്തിനും 20.47 ശതമാനം പെന്‍ഷനും 18.04 ശതമാനം പലിശ നല്‍കാനുമാണിപ്പോള്‍ നീക്കിവെക്കുന്നത്. അതായത്, 72.45 ശതമാനം. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നത് 5,15,639 ജീവനക്കാര്‍ക്കാണ്. അതില്‍ 3,77,065 സര്‍ക്കാര്‍ ജീവനക്കാരും 1,38,574 എയ്ഡഡ് ജീവനക്കാരുമാണ്. വിവിധ എയ്ഡഡ് സ്ഥാപനങ്ങളിലെ (സ്‌കൂള്‍, കോളജ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനമുള്‍പ്പെടെ) ജീവനക്കാരില്‍ അധ്യാപകരായി 1,21,304 പേരും അനധ്യാപകരായി 17,270 പേരുമാണുള്ളത്. ഇതില്‍ സാമൂഹികനീതിയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ പരാതി നൂറു ശതമാനം ശരിയാണെന്ന് വ്യക്തമാവും.
സംസ്ഥാനത്ത് 56 ശതമാനം എയ്ഡഡ് സ്‌കൂളുകളാണുള്ളത്. 1,10,446 അധ്യാപകരും 9,488 അനധ്യാപകരും ജോലി ചെയ്യുന്നു. അതില്‍ ജനസംഖ്യയില്‍ 10.14 ശതമാനം വരുന്ന പട്ടികജാതി -വര്‍ഗ വിഭാഗം എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി ജോലിചെയ്യുന്നത് 403 പേരാണ്. (എസ്.സി-340, എസ്.ടി-63). വിദ്യാഭ്യാസ യോഗ്യത കുറവായിട്ടല്ല, പണമില്ലാത്തതിനാലാണ് ജോലിയില്‍നിന്ന് പുറത്തായത്.
സംവരണമുണ്ടായിട്ടും സര്‍ക്കാര്‍ സർവിസില്‍ ഈ വിഭാഗങ്ങൾക്ക് അവസര നഷ്ടമുണ്ട്. എസ്.സി -22.6 ശതമാനം, എസ്.ടി -49.5 ശതമാനം, മുസ്‍ലിം -136 ശതമാനം, മറ്റു പിന്നാക്ക വിഭാഗങ്ങൾ-41.0 ശതമാനം എന്നിങ്ങനെയാണ് അവകാശപ്പെട്ടതായ, അർഹതപ്പെട്ടതായ നിയമനം ലഭിക്കാതെ പുറത്തുനിൽക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നിലുള്ളവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വീണ്ടും അവഗണന നേരിടുന്നതായാണ് കണക്കുകള്‍ പറയുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ ആനുപാതികമായി വളരെ പിന്നിലും മറ്റുള്ളവര്‍ ഇന്നും മുന്നിലുമാണെന്ന് വ്യക്തം. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തില്‍ സംവരണതത്ത്വം പരിശോധിച്ചാല്‍ കണക്കുകള്‍ ഞെട്ടിക്കുന്നതായിരിക്കും. അതായിരിക്കാം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് പറഞ്ഞപ്പോഴേക്കും ചിലകോണുകളില്‍നിന്ന് എതിര്‍പ്പുയരാനുള്ള കാരണം.
8,126 സ്‌കൂളുകളാണ് സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ളത്. നിയമനങ്ങളിൽ സാമൂഹികനീതി പാലിക്കുന്നില്ലെന്ന പരാതി അടിയന്തരമായി സംബോധന ചെയ്യപ്പെടേണ്ടതാണ്. നിയമനാധികാരം മാനേജര്‍മാരില്‍ നിലനിര്‍ത്തി പി.എസ്.സിയിലേതുപോലെ സംവരണതത്ത്വം പാലിച്ചാല്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷയും അല്‍പാശ്വാസവുമുണ്ടാവും. കോഴപ്പണത്തിന് തടയിടാന്‍ നിയമനങ്ങള്‍ക്കായി പ്രത്യേക പൊതുമാനദണ്ഡം രൂപവത്കരിക്കുന്നതും അത്യാവശ്യമാണ്. വിഷയത്തിന്റെ ഗൗരവം കണക്കാക്കി കൂടുതല്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരമൊരുക്കേണ്ട സമയമായിരിക്കുന്നു.
(കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.