കാട്ടാക്കട: കാട്ടാക്കട, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. രണ്ട് സെക്ഷൻ പരിധിയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത്. അടിക്കടി വൈദ്യുതി തടസ്സപ്പെടുന്നത് കച്ചവടക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. റൈസ്- ഫ്ളവർ മില്ലുകൾ, തടി മില്ലുകൾ, ഹോട്ടൽ, ബേക്കറികൾ, തയ്യൽ കടകൾ, ഫോട്ടോസ്റ്റാറ്റ്- ഓൺലൈൻ സേവന സ്ഥാപനങ്ങൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ സെൻററുകൾ എന്നിവ നടത്തുന്നവരൊക്കെ ബുദ്ധിമുട്ടിലാണ്.
കാട്ടാക്കട 110 കെ.വി സബ് സ്റ്റേഷനുസമീപത്തുപോലും അടിക്കടിയാണ് വൈദ്യുതി നിലക്കുന്നത്. ഫീഡര്‍ തകരാര്‍, ലൈനുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി ലൈനുകള്‍ക്ക് മീതെ കിടക്കുന്ന മരച്ലിലകള് മുറിച്ചുമാറ്റുന്ന ജോലികള്നടക്കുന്നു ഇങ്ങനെ പോകുന്നു വൈദ്യുതി മുടക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അധികൃതര്‍ നല്കുന്ന വിശദീകരണം. കിള്ളി, തൂങ്ങാംപാറ, കോട്ടപ്പുറം പ്രദേശങ്ങളില്‍ ദിവസവും കുറഞ്ഞത് പത്തു തവണയെങ്കലും വൈദ്യുതി മുടങ്ങുമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി. അടിക്കടി വൈദ്യുതി ഇല്ലാതാകുന്നത് വരുമാനത്തെ ബാധിക്കുന്നതോടൊപ്പം ഫോട്ടോസ്റ്റാറ്റ് മെഷീൻ, കമ്പ്യൂട്ടര്‍ പോലുള്ള ഉപകരണങ്ങൾ കേടാകുന്നതിനും കാരണമാകുന്നു.
കാറ്റ് വീശിയാലോ ഇടിവെട്ടിയാലോ മഴ വന്നാലോ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാണ്. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാവും പുനഃസ്ഥാപിക്കുക. പെട്ടെന്നുണ്ടാകുന്ന തകരാർ പരിഹരിക്കുന്നതിനല്ലാതെ വൈദ്യുതി മുടക്കം ഉണ്ടാകുമെങ്കിൽ അത് സന്ദേശമായി എല്ലാ ഉപഭോക്താക്കളെയും മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ പോലും പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അടിക്കടിയുണ്ടാകുന്നവൈദ്യുതി മുടക്കത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. വൈദ്യുതി മുടക്കം വ്യാപാരമേഖലക്ക് ദുരിതമായതോടെ നവകേരള സദസ്സില്‍ വിവരം അറിയിക്കാനും ആലോചിക്കുന്നതായി വ്യാപാരി നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.