കടുത്ത അതൃപ്തിയിൽ പി.പി. ദിവ്യ: ‘എന്റെ ഭാഗം കേൾക്കാൻ പാർട്ടി തയാറായില്ല’

കണ്ണൂര്‍: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യ, തനിക്കെതിരെ പാർട്ടി സ്വീകരിച്ച നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത്. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നും തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും ദിവ്യ പറഞ്ഞു. ഫോണിൽ വിളിച്ച നേതാക്കളെ ഇക്കാര്യത്തിലുള്ള തന്റെ അതൃപ്തി അറിയിച്ചു

കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി.പി. ദിവ്യയെ കഴിഞ്ഞ ദിവസം പാര്‍ട്ടി ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. ദിവ്യ ജയിലിൽ കഴിയവേ അവരുടെ ഭാഗം കേള്‍ക്കാതെയായിരുന്നു നടപടി. വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ച് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു. ജയിലിലെത്തിയോ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമോ ഇത് സംബന്ധിച്ച വിശദീകരണം ചോദിക്കാം. അതൊന്നും ചെയ്യാതെ പാർട്ടി ഏകപക്ഷീയ നിലപാടെടുത്തതാണ് ദിവ്യയുടെ അതൃപ്തിക്ക് ഇടയാക്കിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതിചേര്‍ത്തതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു.

അതിനിടെ, പാർട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്ന് ദിവ്യ പറഞ്ഞതായി ‘ന്യൂസ് 18’ ചാനൽ റിപ്പോർട്ട് ചെയ്തു. സമാന ആക്ഷേപങ്ങൾ വന്നപ്പോൾ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചി​ല്ലെന്നും 20 വർഷം പ്രവർത്തിച്ച പാർട്ടി തന്നെ വഞ്ചിച്ചെന്നും ദിവ്യ പറഞ്ഞതായാണ് ചാനൽ വാർത്തയിൽ പറയുന്നത്. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലെന്നും ഇനി നേതാവാകാനില്ലെന്നും പാർട്ടിയിൽ വിശ്വാസമില്ലെന്നും ദിവ്യ വ്യക്തമാക്കിയതായും വാർത്തയിൽ പറയുന്നു.

Tags:    
News Summary - pp divya against cpm party action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.