പി.പി. ദിവ്യ ഒരു പരിഗണനയും അർഹിക്കുന്നില്ല, ജാമ്യം നൽകരുത് -നവീന്‍റെ ഭാര്യ മഞ്ജുഷ

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യക്കെതിരെ ശക്തമായ വാദമാണ് കുടുംബം കോടതിയിൽ ഉന്നയിച്ചത്. ദിവ്യ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്നും ജാമ്യം നൽകരുതെന്നും ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ നവീന്റെ ഭാര്യ മഞ്ജുഷ അഭിഭാഷകൻ മു​ഖേന കോടതിയോട് ആവശ്യപ്പെട്ടു. സർക്കാർ അഭിഭാഷകൻ ഉയർത്താത്ത വാദങ്ങളാണ് നവീന്റെ കുടുംബം കോടതിയിൽ ഉയർത്തിയത്.

‘മരണശേഷവും നവീനെ താറടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗുരുതരമായ കുറ്റമാണ് ദിവ്യ ചെയ്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ദിവ്യക്ക് നവീൻ ബാബുവിനോട് വൈരാഗ്യമുണ്ടായിരുന്നു. പെട്രോൾ പമ്പ് അപേക്ഷയിൽ കള്ളക്കളിക്ക് കൂട്ടുനിൽക്കാത്തതാണ് വൈരാഗ്യത്തിന് കാരണം. പെട്രോൾ പമ്പിന് എൻ.ഒ.സി കൊടുക്കണമെന്ന് പറഞ്ഞപ്പോൾ നിയമം നോക്കി ചെയ്യാമെന്ന് പറഞ്ഞു.

കെട്ടിച്ചമച്ച പരാതിയാണ് നവീനെതിരെ ഉന്നയിച്ചിട്ടുള്ളത്. പ്രശാന്തൻ പരാതി സമർപ്പിച്ചത് നവീന്റെ മരണശേഷമാണ്. പരാതിയിലെ പേരും ഒപ്പും വ്യാജമാണ്. പെ​ട്രോൾ പമ്പ് ബിനാമി ഇടപാടാണ്. പ്രശാന്തനും പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. നവീൻ അഴിമതിക്കാരനാണെന്ന ആരോപണം സാധൂകരിക്കുന്ന രീതിയിൽ ഒരു തെളിവും ഹാജരാക്കിയിട്ടി​ല്ലെന്നും കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

പി.പി. ദിവ്യയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ അവസ്ഥയല്ല പരിഗണിക്കേണ്ടത്. നവീന്റെ അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്ന മകളുടെ അവസ്ഥയാണ് കോടതി കാണേണ്ടതെന്നും കുടുംബം ചൂണ്ടിക്കാട്ടി.

അതേസമയം, ദിവ്യ എ.ഡി.എമ്മിന് നിർദേശം നൽകിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രൊസിക്യൂഷൻ വാദം ദുർബലമാണെന്നും ദിവ്യക്കെതിരെ മൂർച്ച കുറഞ്ഞ വാദങ്ങളാണ് അവർ ഉന്നയിച്ചതെന്നും ആക്ഷേപമുണ്ട്. ജാമ്യാപേക്ഷ എതിർത്തുള്ള വാദത്തിനിടെ, ബിനാമി ഇടപാടും പരാതിയിലെ ദുരൂഹതയും പ്രൊസിക്യൂഷൻ ഉന്നയിച്ചില്ല.

Tags:    
News Summary - P.P. Divya doesn't deserve any consideration, don't give bail - Naveen's wife Manjusha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.