തലശ്ശേരി: രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച കുട്ടിമാക്കൂൽ ദലിത് പീഡന സംഭവത്തിലെ ഒരു കേസ് കൂടി പൊലീസ് അവസാനിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യക്കെതിരായ കേസാണ് അവസാനിപ്പിച്ചത്. കേസ് നിലനിൽക്കില്ലെന്ന നിയമോപദേശത്തെ തുടർന്ന് തലശ്ശേരിയിൽനിന്ന് സ്ഥലംമാറിപ്പോയ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയിൽ നൽകിയത്. കേസിെൻറ തുടർനടപടി അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കേസിലെ ഒന്നാം പ്രതിസ്ഥാനത്ത് ചേർത്തിരുന്ന അഡ്വ. എ.എൻ. ഷംസീർ എം.എൽ.എയെ നേരത്തെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. കുട്ടിമാക്കൂലിലെ ദലിത് കോണ്‍ഗ്രസ് നേതാവ് കുനിയില്‍ നടമ്മല്‍ രാജെൻറ മകള്‍ അഞ്ജുന ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് ദിവ്യയെ ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയത്.
സി.പി.എം നേതാക്കളായ ഷംസീറും ദിവ്യയും ചാനല്‍ ചര്‍ച്ചയിലൂടെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് അഞ്ജുന ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പരാതി. ഇതേതുടർന്നാണ് ഷംസീറിനെ ഒന്നും ദിവ്യയെ രണ്ടും പ്രതിയാക്കി കേസെടുത്തിരുന്നത്. ദിവ്യയെക്കൂടി ഒഴിവാക്കിയതോടെ കേസിെൻറ തുടർനടപടി പൊലീസ് പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ആറു കേസാണ് തലശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി നടമ്മല്‍ രാജെൻറ മക്കളായ അഖില, അഞ്ജുന എന്നിവരെ രാഷ്ട്രീയവിരോധം കാരണം ആക്രമിക്കുകയും ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ കേസ്. ഇതിൽ അന്വേഷണം നടത്തിയ പൊലീസ് നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. സി.പി.എം ഓഫിസില്‍ അതിക്രമിച്ചുകയറി ഡി.വൈ.എഫ്.ഐ നേതാവായ ഷിജിലിനെ ആക്രമിക്കുകയും ഓഫിസിലെ ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ അഖിലക്കും അഞ്ജുനക്കുമെതിരെയും കേസുണ്ട്. കൂടാതെ, ആത്മഹത്യക്ക് ശ്രമിച്ചതിന് അഞ്ജുനക്കെതിരെയും കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.