കൊച്ചി: കെ. സുരേന്ദ്രന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദവിയിൽ സമയം നീട്ടിക്കൊടുത്തെങ്കിലും കടിഞ്ഞാൺ ഇനി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറുടെ കൈയിൽ. ശനിയാഴ്ച നടന്ന സംസ്ഥാന സമിതി യോഗ ശേഷം വാർത്തസമ്മേളനം നടത്തി തീരുമാനം വിവരിച്ചത് പ്രകാശ് ജാവദേക്കറാണ്; ഇതിൽ സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തുമില്ല. ഇതേപ്പറ്റി സംശയങ്ങൾ ഉയർന്നപ്പോഴാണ് കെ. സുരേന്ദ്രൻ മറ്റൊരു വാർത്തസമ്മേളനം നടത്തിയത്. എന്നാൽ, സംസ്ഥാന സമിതി യോഗത്തെപ്പറ്റി ഒന്നും പറഞ്ഞുമില്ല.
നേതൃയോഗത്തിൽ ദേശീയ നേതൃത്വം നിർദേശിക്കുന്ന പരിപാടികൾ കൃത്യമായി നടത്താത്തതിന്റെ പേരിൽ സംസ്ഥാന ഘടകത്തോടുള്ള അതൃപ്തി വ്യക്തമാക്കാൻ പ്രകാശ് ജാവദേക്കർ മറന്നില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയ സാഹചര്യത്തിൽ കെ. സുരേന്ദ്രനെ മാറ്റിയാൽ വിഭാഗീയത വളരുമെന്ന് നേതൃത്വം വിലയിരുത്തി. എന്നാൽ, കടിഞ്ഞാൺ പ്രകാശ് ജാവദേക്കറിനാണെന്ന് വ്യക്തമാക്കിയാണ് ഈ തീരുമാനമെടുത്തത്. സ്ഥാനാർഥി നിർണയവും ഫണ്ട് ചെലവഴിക്കലുമൊക്കെ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാകും. ഇതിൽ ഒരുവിഭാഗം നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.
ബി.ജെ.പിക്ക് കേരളത്തിൽ പ്രഭാരിമാരായി മുമ്പും ദേശീയ നേതാക്കൾ വന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുമായും അമിത് ഷായുമായും ഏറെ അടുപ്പമുള്ള വ്യക്തി ഇതാദ്യമാണ്. സുരേഷ് ഗോപിയെ പ്രസിഡന്റ് പദവി നൽകി കേരളത്തിൽ പാർട്ടി ശക്തിപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ തയാറായില്ല. എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരാണ് പിന്നീട് വന്നത്. എന്നാൽ, ഇവർ ഇരുവരുമായി കെ. സുരേന്ദ്രൻ സഹകരിക്കില്ലെന്ന് വ്യക്തമായതോടെയാണ് കടിഞ്ഞാൺ കൈയിലെടുക്കാൻ പ്രകാശ് ജാവദേക്കർ തീരുമാനിച്ചത്.
ശനിയാഴ്ച നടന്ന സംസ്ഥാന സമിതി യോഗത്തിൽ തന്റെ പ്രസംഗം തർജമ ചെയ്യുന്നതിൽപോലും കൃത്രിമം കാണിച്ചതായി അദ്ദേഹം പരാതി പറഞ്ഞു. കേരളത്തിൽ പ്രസംഗിക്കുമ്പോൾ പറയുന്ന കാര്യമല്ല തർജമ ചെയ്യുന്നയാൾ വിവരിച്ചുകൊടുക്കുന്നതെന്നാണ് ജാവദേക്കർ പറഞ്ഞത്. അഞ്ച് സീറ്റെന്ന് പറയുന്നുണ്ടെങ്കിലും ഒരു സീറ്റെങ്കിലും നേടുകയാണ് ബി.ജെ.പി ലക്ഷ്യം. സുരേഷ് ഗോപിയിലാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.