കണ്ണൂര്‍: രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഏക സിവില്‍ കോഡ് മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കബളിപ്പിക്കലാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ന്യൂനപക്ഷ സാംസ്കാരിക സമിതി കണ്ണൂര്‍ ജില്ല കോഓഡിനേഷന്‍ കമ്മിറ്റി ‘ഏകീകൃത സിവില്‍ കോഡും ഇടതുപക്ഷവും’ എന്ന വിഷയത്തില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു സ്ത്രീകള്‍ക്ക് അവകാശം ലഭിക്കുന്നതിനായുള്ള വാദങ്ങളെ എതിര്‍ത്തിരുന്ന ആര്‍.എസ്.എസും സംഘ്പരിവാറുമാണ് മുസ്ലിം സ്ത്രീകള്‍ക്കു വേണ്ടിയാണെന്ന നിലയില്‍ ഏകീകൃത സിവില്‍ കോഡിന് ശ്രമിക്കുന്നത്. അനിയന്ത്രിതവും വിവേചനരഹിതവുമായി മുത്തലാഖ് അടിച്ചേല്‍പിക്കുന്നതിനെ സി.പി.എം എതിര്‍ക്കും. എന്നാല്‍, രണ്ട് വ്യത്യസ്ത വിഷയങ്ങളെ ഒന്നായി കണ്ട് പൊതു സിവില്‍കോഡ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഹിന്ദുത്വ വര്‍ഗീയ അജണ്ടയാണ് ഏക സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ സമ്മര്‍ദഫലമായി സിവില്‍ കോഡിനായി നിയമ കമീഷന്‍ തയാറാക്കിയ ചോദ്യാവലിക്ക് മറുപടി നല്‍കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയതയുടെ മുഖം വൈവിധ്യമാര്‍ന്നതാണ്. തിയറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റു നിന്നിട്ടല്ല ദേശഭക്തി പ്രചരിപ്പിക്കേണ്ടത്. ദേശഭക്തി നിര്‍മിച്ചെടുക്കുന്ന രീതിയാണിതെന്നും കാരാട്ട് പറഞ്ഞു. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.