തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ചും ശശി തരൂരിനെ പിന്തുണച്ചും നടൻ പ്രകാശ് രാജ്. ‘രാജാവിന്റെ ആസ്ഥാന വിദൂഷകനാ’ണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത് എന്നുപറഞ്ഞ പ്രകാശ് രാജ്, ആ രാജാവിനെതിരെ സംസാരിച്ചയാളാണ് ശശി തരൂരെന്നും സൂചിപ്പിച്ചു. തിരുവനന്തപുരം പ്രസ്ക് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിൽനിന്ന് രക്ഷപ്പെട്ടോടിയ ഒരാളെ തിരഞ്ഞാണ് താൻ വന്നതെന്ന് പ്രകാശ് രാജ് ആമുഖമായി പറഞ്ഞു. അയാൾ ഇവിടെ എന്താണ് ചെയ്യുന്നതെന്നാണ് എനിക്കറിയേണ്ടത്. രാജീവ് ചന്ദ്രശേഖറാണ് ഞാൻ അന്വേഷിക്കുന്ന വ്യക്തി. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ലെന്ന് നിങ്ങൾക്കറിയാമല്ലോ. കേരളത്തെ ഞാൻ ഇഷ്ടപ്പെടുന്നു. അതാണ് എന്നെ ഇവിടെ എത്തിച്ചത്. മോദി എന്ന രാജാവിന്റെ ഭരണം എനിക്കൊട്ടും സുഖകരമായി തോന്നുന്നില്ല. ഒരുകൂട്ടം കോമാളികളുമായി ഈ രാജാവ് നടത്തുന്ന കളികളെ പൊളിച്ചടുക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് മിണ്ടാത്ത ആളാണ് രാജീവ് ചന്ദ്രശേഖർ. മൂന്നുതവണ കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിയിട്ടും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. കർണാടകയിൽ സീറ്റ് ലഭിക്കാത്തത് മൂലമാണ് അദ്ദേഹം തിരുവനന്തപുരത്ത് പോയി മത്സരിക്കുന്നത്. വരൾച്ച ദുരിതാശ്വാസത്തിന് കർണാടകക്ക് സുപ്രീംകോടതിയിൽ പോകേണ്ടി വന്നു.
രാജാവും അനുചരന്മാരും ഒരു ഗ്രാമം കൊള്ളയടിക്കണമെന്ന് കരുതിയാൽ അവർ ആ ഗ്രാമത്തിന് പുറത്ത് തീയിടും. എല്ലാവരും അങ്ങോട്ട് ഓടിപ്പോകുമ്പോൾ ഇവിടെ നിർബാധം കൊള്ള നടക്കും. ചതിയിൽ കുരുങ്ങരുത്. നമ്മൾ തെരഞ്ഞെടുക്കേണ്ടത് നല്ല ആളുകളെന്നതിനൊപ്പം അനുഭവ സമ്പത്തും അറിവും ഉള്ളവരും നമ്മളെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നവരുമായിരിക്കണം. ഇത് പറയുന്നതുകൊണ്ട് പലർക്കും എന്നോട് ദേഷ്യമുണ്ടായിരിക്കും എന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നു പറയാൻ ഞാൻ ഒരിക്കലും ആരെയും ഭയന്നിട്ടില്ല.
ശശി തരൂർ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാൽ താൻ അദ്ദേഹത്തെ പിന്തുണക്കുന്നു. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാർട്ടിക്കല്ല. വ്യക്തിക്കാണ്. താൻ ഇടത് പക്ഷത്തിന് എതിരല്ല. എന്നാൽ തിരുവനന്തപുരത്ത് ഇടത് സ്ഥാനാർഥിയെ നിർത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം എന്നത് അത്യന്തം അപകടകരമാണ്. വർഗീയ വൈറസ് പടരാതെ നോക്കണം. രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.