കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയുടെ മിന്നൽ പ്രതിഷേധം പാർട്ടിക്ക് അപ്രതീക്ഷിതം. പുറത്താക്കിയത് അറിഞ്ഞയുടൻ പണം കൊടുത്തതാര്, ആർക്കെന്ന് പറയണം എന്നാവശ്യപ്പെട്ട പ്രമോദ് ആദ്യം അമ്മയേയും കൂട്ടി പരാതിക്കാരൻ ശ്രീജിത്തിന്റെ ചേവായൂർ വില്ലിക്കൽ കോട്ടക്കുന്നിലെ വീട്ടിലേക്കാണ് പോയത്.
എന്തിനുവേണ്ടിയാണ് തനിക്ക് കോഴ മേൽവിലാസം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രമോദ് പരാതിക്കാരനുമായുള്ള ബന്ധവും പരസ്യമാക്കിയിട്ടുണ്ട്.
ഭാര്യയുടെ ബന്ധുവായ ശ്രീജിത്തുമായി സൗഹൃദ ബന്ധമുണ്ട്. ഒന്നിലേറെ തവണ വീട്ടിൽ വന്നിട്ടുണ്ടെന്നും പ്രമോദ് പറഞ്ഞു. പൊലീസിലടക്കം പരാതി നൽകുമെന്ന പ്രമോദിന്റെ പ്രസ്താവനയും മറ്റാരെയൊക്കെയോ ലക്ഷ്യമിട്ടാണെന്നാണ് സൂചനകൾ. സി.പി.എമ്മിൽ ഇതുവരെ കാണാത്തതരത്തിലുള്ള സ്ഥിതിവിശേഷമാണ് ശനിയാഴ്ച കോഴിക്കോട്ട് കണ്ടത്.
കോഴ ആരോപണത്തിൽ ജില്ല കമ്മിറ്റി പുറത്താക്കി പ്രമോദ് ഉൾപ്പെടുന്ന ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പ്രമോദ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല ഉടനടി പോസ്റ്ററുകൾ അടക്കം തയാറാക്കിയാണ് പ്രമോദ് പ്രതിഷേധത്തിനിറങ്ങിയത് എന്നതും പലതും മുൻകൂട്ടി കണ്ടാണെന്നത് വ്യക്തമാണ്.
പാർട്ടിയിൽനിന്ന് പുറത്തുപോയതിനാൽ കോഴ ആരോപണത്തിൽ മറ്റു നേതാക്കൾക്കാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അത് വെളിപ്പെടുത്തുന്നതിന് പ്രമോദിന് ഇനി തടസ്സങ്ങളും വിലക്കുകളുമില്ല. ഇത് മുൻനിർത്തിയും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണങ്ങൾ വരാതിരിക്കാനുമാണ് പുറത്താക്കൽ മാത്രം പ്രഖ്യാപിച്ച് വിഷയം അവസാനിക്കാൻ പാർട്ടി തിടുക്കപ്പെട്ടതെന്നാണ് വിലയിരുത്തൽ.
കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ പുറത്താക്കലിനു പിന്നാലെ പ്രമോദ് കോട്ടൂളി ഉന്നയിച്ച ചോദ്യങ്ങൾ സി.പി.എമ്മിനെ വെട്ടിലാക്കി. പണം കൊടുത്തതാരെന്നും ആർക്കെന്നും നേതൃത്വം വ്യക്തമാക്കണമെന്നാണ് പ്രമോദ് ആവശ്യപ്പെട്ടത്. ഇക്കാര്യമുന്നയിച്ചുള്ള പോസ്റ്ററുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തുകയും ചെയ്തതോടെ നടപടിയെടുക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാതിരുന്ന പാർട്ടി നേതൃത്വം പ്രതിരോധത്തിലായി. ആദ്യം പരാതി അന്വേഷിക്കുമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിന്നീട് പരാതി ലഭിച്ചില്ലെന്ന് പറഞ്ഞിരുന്നു. ജില്ല സെക്രട്ടറി പി. മോഹനനും പി.എസ്.സിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങളോട് ആവർത്തിച്ചത്. പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പ്രമോദ് കോട്ടൂളിയെ സംഘടന ഭരണഘടന അനുശാസിക്കുന്ന നടപടികൾ പൂർത്തിയാക്കിയാണ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞ മോഹനൻ, എന്ത് കാരണത്തിനാണ് പുറത്താക്കിയതെന്ന് വ്യക്തമാക്കാത്തതോടെ വിഷയം തീർന്നിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റായിരിക്കെ പ്രമോദ് രൂപവത്കരിച്ച ‘യുവധാര കോട്ടൂളി’യുമായി ചേർന്ന് പ്രവർത്തിക്കുന്നവരിൽ വലിയൊരു വിഭാഗവും പ്രമോദിനെ പിന്തുണക്കുന്നവരാണ്.
നേരത്തേ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി റിയാസിനെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടെങ്കിലും എളമരം കരീം, പി. മോഹനൻ പക്ഷമാണ് വിശദീകരണം തേടിയ ശേഷമേ നടപടി സ്വീകരിക്കാവൂ എന്ന നിലപാടെടുത്തത്. ഇതിന്റെ പേരിൽതന്നെ നേതാക്കൾക്കിടയിലെ സമവാക്യം ചേരിതിരിവായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.