പയ്യന്നൂർ: കണ്ണൂർ എ.ഡി.എം ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിലെ വിവാദ പെട്രോൾ പമ്പിന് അപേക്ഷ സമർപ്പിച്ച ടി.വി. പ്രശാന്തൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കരാർ ജീവനക്കാരനാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഒരു വിഭാഗം ജീവനക്കാരെ ആശങ്കയിലാക്കുന്നു. സമാന രീതിയിൽ ജോലി ചെയ്യുന്ന 200ഓളം ജീവനക്കാരെയാണ് മന്ത്രിയുടെ പ്രസ്താവന വെട്ടിലാക്കിയത്.15 വർഷത്തിലധികമായി ജോലി ചെയ്യുന്ന സ്ഥിരം നിയമനം കാത്തു നിൽക്കുന്നവരാണ് ആശങ്കയിലായത്.
കോളജിലെ 200ഓളം തസ്തികകൾ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റിന്റെ പരിധിയിൽ വരാത്തതാണ്. ഇതിൽ ഉൾപ്പെട്ടയാളാണ് പ്രശാന്തനും. ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം നിയമ പ്രശ്നം ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് നിരാകരിച്ചിരുന്നു. 237 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചപ്പോൾ 38 ഡി.എം.ഇ അംഗീകൃത ജീവനക്കാരെ സ്ഥിരപ്പെടുത്താനും 199 പേരുടെ അംഗീകാരം നിരാകരിക്കാനും തീരുമാനിക്കുകയായിരുന്നു. കോളജിന്റെ തുടക്കം മുതൽ ജോലി ചെയ്തുവരുന്ന ജീവനക്കാർ ഈ പട്ടികയിലുണ്ട്.
എൻജിനീയറിങ്, പബ്ലിക് റിലേഷൻസ് ഓഫിസർ തുടങ്ങിയ തസ്തികകൾ ഇതിൽപ്പെടും. എൻജിനീയറിങ് വിഭാഗവും പി.ആർ.ഒയും ഇലക്ട്രിക്കൽ വിഭാഗവും ഇതര സർക്കാർ മെഡിക്കൽ കോളജുകളിലില്ല. 38 ജീവനക്കാരെ സ്ഥിരപ്പെടുത്തി ബാക്കി 199 ജീവനക്കാരെ കരാർ ജീവനക്കാരായി മാറ്റണമെന്നതാണ് നിർദേശമെന്നറിയുന്നു. ഈ തീരുമാനത്തിന്റെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് സൂചന. എന്നാൽ, ഇവരുമായി മാനേജ്മെന്റ് കരാർ ഒപ്പിടുകയോ അത് യഥാസമയം പുതുക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, മറ്റു ജീവനക്കാരെ പോലെയാണ് ശമ്പള വിതരണവും നടക്കുന്നത്.
അതേസമയം, മെഡിക്കൽ കോളജിൽ എൻജിനീയറിങ് വിഭാഗത്തിൽ മാത്രം 60 ഓളം ജീവനക്കാരുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികളും നിർമാണ പ്രവൃത്തികളും നടത്തി വരുന്നത് പൊതുമരാമത്തു വിഭാഗമാണ്. അതുകൊണ്ട് എൻജിനീയറിങ് വിഭാഗത്തെ പൂർണമായും ഒഴിവാക്കേണ്ടി വരും. ഇവരെ ഉൾപ്പെടെ അനധികൃതമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ജീവനക്കാരെ മറ്റു തസ്തികകളിലേക്ക് മാറ്റി ആഗിരണ പ്രക്രിയ പൂർത്തീകരിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. കരാർ ജീവനക്കാരാക്കാനുള്ള തീരുമാനം നടപ്പായാൽ പ്രശ്നം കോടതിയിൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ജീവനക്കാർ. ഇതിനിടയിലാണ് പ്രശാന്തൻ പ്രശ്നം മറ്റൊരു വിവാദമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.