കണ്ണൂർ: എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് 25 ലക്ഷം കോഴ നൽകിയെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ബി.ജെ.പിയെ വീണ്ടും വെട്ടിലാക്കി പ്രസീത അഴീക്കോട്. പണമിടപാടുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ഒാർഗനൈസിങ് സെക്രട്ടറി എം. ഗണേഷുമായി സംസാരിച്ചതിെൻറ ഫോണ്‍ റെക്കോര്‍ഡാണ് ജെ.ആർ.പി ട്രഷററായ പ്രസീത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിെൻറ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തില്‍ അക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നയാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് ഫോണ്‍ സംഭാഷണത്തില്‍ മറുപടിയായി പറയുന്നുമുണ്ട്.
''ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവര്‍ സംസാരിച്ച് പരസ്പരം ധാരണയിലെത്തിയിട്ടുണ്ട്'' എന്നടക്കം ഗണേഷ് സംഭാഷണത്തില്‍ പറയുന്നതായി കേള്‍ക്കാം.
നേരത്തെ ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് പ്രസീത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നല്‍കാന്‍ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തില്‍ സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പ്രസീത പുറത്തുവിട്ട ഗണേഷുമായുള്ള ഫോണ്‍ സംഭാഷണം.
കോഴ നൽകിയെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് വയനാട് യൂനിറ്റ് കേസെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രസീതയടക്കം മൂന്ന് ജെ.ആർ.പി നേതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.