വസൂരിക്കാലത്തോ കോളറയിലോ ആരാധനാലയങ്ങൾ അടച്ച അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. നാട്ടുമരുന്നുകൾക്കൊപ്പം കൂട്ടപ്രാർഥനയും മന്ത്രങ്ങളും നേർച്ചകളുംകൊണ്ടാണ് അന്ന് രോഗചികിൽസ നടത്തിയത്. രോഗമില്ലാത്തവരെല്ലാം പള്ളിയിൽ ഒരുമിച്ചുകൂടും. ദിക്റ് ചൊല്ലി ഓരോ വീടും സന്ദർശിക്കും. മൈതാനി നേർച്ചയാണ് ഈ സമയത്തെ പ്രധാന ചടങ്ങ്. പ്രദേശത്തെ മലമുകളിൽ വിശാലമായ സ്ഥലത്ത് ഒന്നിച്ചുകൂടി പ്രാർഥന നടത്തും. ഭക്ഷണമുണ്ടാക്കിക്കഴിക്കും. മഞ്ഞച്ചോറാണ് പ്രധാന വിഭവം. മൈതാനിനേർച്ചയിൽ നാട്ടിലെ ഹിന്ദുവിശ്വാസികളും പങ്കെടുത്തിരുന്നു. കോവിഡ് മരണങ്ങളും രോഗം തടയാനുള്ള നിയന്ത്രണങ്ങളും ലോകംമുഴുക്കെ ചർച്ച ചെയ്യുന്നതിനിടയിലാണ് കോഴിക്കോട് കക്കോവ് മണ്ണാറക്കൽ ഹസ്സനാജി തെൻറ 101ാം വയസ്സിൽ വീട്ടിലിരുന്ന് വസൂരിക്കാലം ഓർത്തെടുക്കുന്നത്.
വസൂരി നാട് മുഴുവൻ മരണംവിതക്കുമ്പോഴാണ് ഭാര്യപിതാവിനും സഹോദരനും അവരുടെ ഉമ്മക്കും രോഗം ബാധിച്ച വിവരം ഹസ്സനാജി അറിയുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കകമാണ് സംഭവം. വസൂരിവന്ന വീടുകളിലേക്ക് പുറത്തുനിന്ന് ആരും പോകില്ല, ഭാര്യവീട്ടിലേക്ക് പോകരുതെന്ന് തന്നോടും ഉപ്പ നിർബന്ധപൂർവം പറഞ്ഞിരുന്നു. അതിനിടയിലാണ് ഭാര്യപിതാവ് മരിച്ചെന്ന വാർത്തവന്നത്. പിന്നെയൊന്നും ആലോചിച്ചില്ല, പെരിങ്ങാവിലുള്ള വീട്ടിലെത്തിയപ്പോൾ പക്ഷേ, വേദനകൊണ്ട് പുളയുന്ന ഭാര്യ പിതാവിനെയാണ് കണ്ടത്. നിലത്ത് വിരിച്ച വാഴയിലയിൽ ആര്യവേപ്പില വിതറി അതിലാണ് കിടത്തം. ശരീരം മുഴുവൻ നാണയത്തുട്ടിെൻറ വട്ടത്തിൽ വ്രണം വന്നിട്ടുണ്ട്. ഏറെ സമയം െചലവഴിക്കാതെ സലാം പറഞ്ഞ് അവിടെ നിന്നിറങ്ങി.
വസൂരിബാധിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അത്ര സാധാരണമല്ലാത്ത കാലത്താണ് ഹസ്സനാജിയുടെ ഭാര്യപിതാവുൾപ്പെടെയുള്ളവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മരണം ഭീതിവിതച്ച വസൂരിക്കാലം മാത്രമല്ല, അതിനു മുമ്പ് കോളറയും ഹാജിയുടെ ഓർമയിലുണ്ട്. വസൂരി ബാധിച്ചാൽ ആര്യവേപ്പിലയും പച്ചമരുന്നും വാഴയിലയിലെ കിടത്തവുമാണ് ചികിത്സ. നീറ്റലും വേദനയും സഹിച്ച് ആഴ്ചകളോളം കിടക്കും. ഒന്നര മുതൽ രണ്ടുമാസംവരെയെടുക്കും ജീവിതത്തിലേക്കായാലും മരണത്തിലേക്കായാലും. കക്കോവിൽ മാത്രം പന്ത്രണ്ടോളം പേർ വസൂരിബാധിച്ച് മരിച്ചിട്ടുണ്ട്. കോളറ ബാധിച്ചവർ വളരെ പെട്ടെന്നാണ് മരിക്കുന്നത്. ഏകദേശം 75 വർഷം മുമ്പത്തെ കോളറക്കാലത്ത് ജ്യേഷ്ടെൻറ ഭാര്യയടക്കം അഞ്ച് ബന്ധുക്കളാണ് ഹസ്സനാജിക്ക് നഷ്ടമായത്.
ഒരിക്കൽ അസുഖംവന്ന് ഭേദമായവരാണ് വസൂരി രോഗികൾക്കടുത്തേക്ക് മരുന്നുമായി വരുന്നത്. അവരാണ് രോഗികളെ ശുശ്രൂഷിക്കുന്നത്. രോഗം മാറിയവർ കുളി കഴിഞ്ഞേ പുറത്തിറങ്ങൂ. 15 മുതൽ 40 ദിവസംവരെ കുളിയുണ്ടാവാം. രോഗികളെ കണ്ട് ഭയപ്പെടരുത്, ഭയപ്പെട്ടാൽ രോഗം പകരുമെന്നായിരുന്നു വിശ്വാസം. ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രി മാത്രമാണ് അന്ന് ആശ്രയം. പക്ഷേ, വസൂരി ബാധിച്ചവർ വീടുകളിൽതന്നെയായിരുന്നു കഴിഞ്ഞിരുന്നത്. അന്ന് യാത്രനിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. രോഗം പടരുമ്പോഴും കച്ചവടത്തിനും മറ്റാവശ്യങ്ങൾക്കുമെല്ലാം ആളുകൾ യാത്രചെയ്തിരുന്നു.
വയറുനിറച്ച് കഴിക്കാൻ കിട്ടുന്ന കാലത്തിെൻറ ഓർമകളൊന്നുമല്ല ഹസ്സനാജിയുടെ ബാല്യം. അത്യാവശ്യം ഒത്തുപോകാവുന്ന സാമ്പത്തികശേഷി ഉണ്ടായിരുന്നെങ്കിലും ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവരായിരുന്നു ഏറെയും. കൃഷി ഉണ്ടായിരുന്നതിനാൽ തനിക്ക് ഭക്ഷണത്തിന് വലിയ പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, ദാരിദ്ര്യംപിടിച്ച ചുറ്റുപാടായിരുന്നു മിക്കവർക്കും. സാമ്പത്തികശേഷി ഉള്ളവർ റമദാനിൽ നോമ്പുതുറക്ക് വിളിക്കും. പലർക്കും പത്തിരിയും ഇറച്ചിയും കഴിക്കാനാവുന്നത് ആ സമയത്താണ്. കേരളത്തിനകത്തും പുറത്തും ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. മിക്ക പുണ്യസ്ഥലങ്ങളും സന്ദർശിച്ചു. രണ്ടുതവണ ഹജ്ജും ഉംറയും ചെയ്തു. പ്രായം 90നോടടുക്കുന്ന ഭാര്യ ബീവാത്തുമ്മയും നിഴലായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.